സ്വന്തം ലേഖകൻ: ഹാര്‍ട്ട് അറ്റാക്കുകള്‍ പതിവാകുന്ന ഈ കാലത്ത് സ്വന്തം ഹൃദയം സുരക്ഷിതമാണോയെന്ന് എല്ലാവര്‍ക്കും എളുപ്പത്തില്‍ പരിശോധിച്ച് അറിയാനുള്ള ഒരു ഹോം ഹാര്‍ട്ട് ടെസ്റ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു ഡയഗ്‌നോസ്റ്റിക്‌സ് കമ്പനി. കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോക്‌ഡോക് എന്ന കമ്പനിയാണ് ഹൃദയ പരിശോധനകള്‍ നടത്തുവാന്‍ എന്‍എച്ച്എസിനെ സഹായിക്കുന്ന ടെസ്റ്റ് കിറ്റ് വികസിപ്പിച്ചത്.
പരിശോധനയില്‍ രോഗികള്‍ക്ക് കൊളസ്ട്രോള്‍ റീഡിംഗ്, ബോഡി മാസ് ഇന്‍ഡക്സ് സ്‌കോര്‍, ഹൃദയാഘാതം അല്ലെങ്കില്‍ സ്ട്രോക്ക് സാധ്യത എന്നിവ ഉള്‍പ്പെടുന്ന ഫലമാണ് ലഭിക്കുക. മാത്രമല്ല, ഓരോ ഡിജിറ്റല്‍ ആരോഗ്യ പരിശോധനയും ഡോക്ടര്‍മാരുടെ 20 മിനിറ്റ് സേവ് ചെയ്യുമെന്നും ഇത് ആയിരക്കണക്കിന് ജിപി അപ്പോയിന്റ്‌മെന്റുകള്‍ കുറയ്ക്കുമെന്നും എന്‍എച്ച്എസ് പറഞ്ഞു. യുകെയിലുടനീളം ഡിജിറ്റല്‍ ആരോഗ്യ പരിശോധനകള്‍ വ്യാപകമാക്കുവാനാണ് ആലോചന.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് നിലവില്‍ പ്രതിവര്‍ഷം 7.4 ബില്യണ്‍ പൗണ്ടും വിശാലമായ സമ്പദ്വ്യവസ്ഥയില്‍ ഏതാണ്ട് 15.8 ബില്യണ്‍ പൗണ്ടുമാണ് ചിലവാക്കുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് ചെക്ക് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ നടത്തുന്ന മുഖാമുഖ പരിശോധനകള്‍ക്ക് പുറമേ, നാല് വര്‍ഷത്തിനുള്ളില്‍ ഒരു ദശലക്ഷം ടെസ്റ്റുകള്‍ നല്‍കുന്നത് രൂപകല്‍പ്പന ചെയ്തുള്ളതാണ് ഈ ഡിജിറ്റല്‍ ഹെല്‍ത്ത് ചെക്ക് പ്രോഗ്രാം.
എന്‍എച്ച്എസ് ഹെല്‍ത്ത് ചെക്ക് ആപ്പുമായി സംയോജിപ്പിച്ച ആദ്യ ടെസ്റ്റാണ് പോക്‌ഡോക് വികസിപ്പിച്ച കിറ്റ്. ഇത് രോഗികള്‍ക്ക് വീട്ടിലിരുന്ന് പരിശോധനകള്‍ നടത്താനും ഏകദേശം ഒമ്പത് മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ എന്‍എച്ച്എസുമായി പങ്കിടാനും സഹായിക്കും. കേംബ്രിഡ്ജ്, പീറ്റര്‍ബറോ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലെ ഫാര്‍മസികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും ഇതിനകം തന്നെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, 40 വയസ്സിനു മുകളിലുള്ളവര്‍, അമിതഭാരമുള്ളവര്‍, ജിപി അപ്പോയിന്റ്മെന്റുകള്‍ ആക്സസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ എന്നിങ്ങനെയുള്ളവരിലാണ് കിറ്റ് ഏറ്റവുമധികം വിജയമായതെന്ന് പോക്‌ഡോക് പറഞ്ഞു.
‘എനിക്ക് 14 വയസ്സുള്ളപ്പോഴാണ് ഞങ്ങളുടെ കുടുംബത്തില്‍ വിനാശകരമായ ആഘാതം സൃഷ്ടിച്ച ഹൃദയ സംബന്ധമായ അസുഖം കാരണം എന്റെ അച്ഛന് വലിയ സ്‌ട്രോക്ക് ഉണ്ടായത്. അതിനാല്‍ എനിക്ക് എല്ലായ്‌പ്പോഴും രോഗ മേഖലയോട് അങ്ങേയറ്റം താല്‍പ്പര്യമുണ്ടായിരുന്നു’. എന്ന് പോക്‌ഡോകിന്റെ സഹസ്ഥാപകനായ സ്റ്റീവ് റോസ്റ്റ് പറഞ്ഞു. ഈ ടെസ്റ്റ് ഉപയോഗിക്കുന്നതിലൂടെ പ്രതിവര്‍ഷം എന്‍എചച്ച്എസിന് 0.5 ബില്യണ്‍ ലാഭിക്കാമെന്നും ‘എനിക്ക് 14 വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ കടന്നുപോയ തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്നും അനേകം കുടുംബങ്ങളെ രക്ഷിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല