1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2023

സ്വന്തം ലേഖകൻ: പുതിയ ഡിജിറ്റൽ നിയമത്തിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളുടെ ‘സെയ്ഫ് ഹാർബർ’ പരിരക്ഷ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ.
2000-ലെ ഐ.ടി. നിയമം പരിഷ്കരിച്ചാണ് ഡിജിറ്റൽ ഇന്ത്യ നിയമം കൊണ്ടുവരുന്നത്. പുതിയമാറ്റം സാമൂഹികമാധ്യമങ്ങൾ, ഇ-കൊമേഴ്‌സ്, നിർമിതബുദ്ധി തുടങ്ങിയ മുഴുവൻ ഇന്റർനെറ്റ് മാധ്യമങ്ങൾക്കും ബാധകമാവും.

ഇതോടെ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളുടെ ഉത്തരവാദിത്വം കമ്പനിയുടേതായി മാറും. ഉപയോക്താക്കളുടെ അവകാശങ്ങൾ ഉറപ്പാക്കാൻ സുരക്ഷിതവും സുതാര്യവുമായ ഇന്റർനെറ്റ് ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. കരടുബിൽ ഏപ്രിലിൽ പുറത്തിറക്കാനാണ് ആലോചന. ഐ.ടി. നിയമം രൂപവത്കരിച്ചശേഷം രണ്ടുദശാബ്ദത്തിനിടെ സാമൂഹികമാധ്യമങ്ങൾ അടക്കമുള്ള ഇന്റർനെറ്റ് ഇന്റർമീഡിയറി പ്ലാറ്റ്ഫോമുകൾ കൂടുതൽ സങ്കീർണമായിട്ടുണ്ട്. സെയ്ഫ് ഹാർബർ പരിരക്ഷ എന്ന ആശയം പുനഃപരിശോധിക്കാൻ ഇതുകാരണമായെന്ന് മന്ത്രി പറഞ്ഞു.

ഓരോ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾക്കും പ്രസക്തമായ നിയമങ്ങൾ രൂപവത്കരിക്കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകൃത്യമാക്കും. സൈബർ ബുള്ളിയിങ്, ഒരാളുടെ സ്വകാര്യവിവരങ്ങൾ അനുവാദമില്ലാതെ പരസ്യമാക്കൽ, വ്യക്തിത്വ മോഷണം (ഐഡന്റിറ്റി തെഫ്റ്റ്) തുടങ്ങിയവയാണ് മറ്റുള്ളവ. തർക്കപരിഹാരത്തിന് ഒരു സമിതി രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിലെ സെയ്ഫ് ഹാർബർ തത്ത്വമനുസരിച്ച് ഫെയ്സ്ബുക്ക്, ട്വിറ്റർ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കൾ പോസ്റ്റുചെയ്ത ഉള്ളടക്കത്തിന്റെ ഉത്തരവാദിത്വമില്ല. സർക്കാരോ നിയമമോ ആവശ്യപ്പെടുമ്പോൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ അവരുടെ പോസ്റ്റുകൾ നീക്കംചെയ്യണമെന്ന് 2021-ലെ ഐ.ടി. നിയമത്തിൽ ഭേദഗതി കൊണ്ടുവന്നിരുന്നു.

ഇത്തരം മുൻകരുതലുകൾ പാലിക്കുന്നിടത്തോളം കമ്പനികൾ നിയമപരമായി സുരക്ഷിതരായിരിക്കും. ഇതിനെയാണ് സെയ്ഫ് ഹാർബർ എന്നുവിളിക്കുന്നത്. ഇത്തരം സുരക്ഷ ഇനി കമ്പനികൾക്ക് നൽകേണ്ടതുണ്ടോയെന്നാണ് ഐ.ടി. മന്ത്രാലയം ആലോചിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.