സ്വന്തം ലേഖകൻ: വര്‍ക്ക് ഫ്രം ഹോമായി ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഒപ്പം ലോകം കറങ്ങിക്കാണാന്‍ ആഗ്രഹമുള്ള സഞ്ചാരിയാണോ? എങ്കില്‍ നിങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് ഡിജിറ്റല്‍ നൊമാഡ് വീസ. ഓണ്‍ലൈനായി ജോലി ചെയ്തുകൊണ്ട് ലോകം ചുറ്റിക്കറങ്ങുന്ന വര്‍ക്കേഷന്‍ രീതിയാണ് ഇപ്പോള്‍ വിനോദസഞ്ചാരത്തിലെ ഏറ്റവും പുതിയ പ്രവണത. വര്‍ക്കേഷനായി വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടിയാണ് പല രാജ്യങ്ങളും ഡിജിറ്റല്‍ നൊമാഡ് വീസകള്‍ രംഗത്തിറക്കിയത്. ജപ്പാനും ദക്ഷണിണ കൊറിയക്കും പിന്നാലെ ഇറ്റലിയും സ്‌പെയിനുമാണ് ഇപ്പോള്‍ ഇത്തരം വീസകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഏപ്രില്‍ നാല് മുതലാണ് ഈ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഡിജിറ്റല്‍ നൊമാഡ് വീസകള്‍ നിലവില്‍ വന്നത്. ഒരു വര്‍ഷം വരെയാണ് ഇത്തരം വീസകളുടെ കാലവധി. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശപ്രകാരം ഉയര്‍ന്ന ഗുണമേന്മയുള്ള ജോലികള്‍ ചെയ്യുന്ന യൂറോപ്യന്‍ ഇതര രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഈ വീസ ലഭിക്കുക. നിലവിലെ ജോലിയില്‍ ആറുമാസമെങ്കിലും പൂര്‍ത്തീകരിച്ചവരുമാകണം. വീസയുടെ അപേക്ഷയോടൊപ്പം പോകുന്ന രാജ്യത്തെ താമസ സൗകര്യം ബുക്ക് ചെയ്തതിന്റെ രേഖകളും ഹാജറാക്കണം.
അപേക്ഷകന്റെ പേരില്‍ യാതൊരുവിധ ക്രിമിനല്‍ റെക്കോര്‍ഡുകളും ഉണ്ടാവാന്‍ പാടില്ല. പ്രാദേശിക സ്പാനിഷ് കോണ്‍സുലേറ്റുകള്‍ വഴിയാണ് സ്‌പെയിനിലേക്കുള്ള വീസയ്ക്കായി അപേക്ഷിക്കേണ്ടത്. സ്‌പെയിനിലെ മിനിമം വേതനത്തിന്റെ ഇരട്ടിയെങ്കിലും മാസവരുമാനമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഹാജറാക്കണം. പേ സ്ലിപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, വര്‍ക്ക് കോണ്‍ട്രാക്റ്റുകള്‍ തുടങ്ങിയ രേഖകള്‍ ഇതിനായി ഹാജറാക്കണം. സ്വന്തം രാജ്യത്തെ ഇറ്റാലിയന്‍ കോണ്‍സുലേറ്റുകള്‍ വഴിയാണ് ഇറ്റലിയിലെ വീസയ്ക്കായും അപേക്ഷിക്കേണ്ടത്. രണ്ട് രാജ്യത്തെ വീസകളും ആവശ്യമെങ്കില്‍ പുതുക്കാന്‍ സാധിക്കും.
പ്രത്യേക സാഹചര്യങ്ങള്‍ ഈ വീസയില്‍ കുടുംബാംഗങ്ങളേയും കൊണ്ടുവവരാം. ഈ രണ്ട് രാജ്യങ്ങളും ഷെങ്കന്‍ ഏരിയയുടെ ഭാഗമായത് കൊണ്ട് തന്നെ ഷെങ്കന്‍ വീസയുടെ ചില മെച്ചങ്ങളും ഈ വീസയില്‍ ലഭിക്കും. ദക്ഷിണ കൊറിയയില്‍ രണ്ട് വര്‍ഷവും ജപ്പാനില്‍ ആറ് മാസവുമാണ് നൊമാഡ് വീസകളുടെ കാലാവധി. ഇത്തരം വീസകളില്‍ പോയാല്‍ പോകുന്ന രാജ്യങ്ങളില്‍ ജോലിക്ക് കയറാന്‍ സാധിക്കില്ലെന്നാണ് മറ്റൊരു പ്രത്യേകത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല