സ്വന്തം ലേഖകൻ: ഡിജിറ്റല്‍ നൊമാഡ് വീസകളാണ് ലോക വിനോദസഞ്ചാരത്തിലെ പുത്തന്‍ ട്രെന്‍ഡ്. ഓണ്‍ലൈനായി ജോലി ചെയ്തുകൊണ്ട് യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളെയാണ് ലോകരാജ്യങ്ങള്‍ ഈ വീസയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വര്‍ക്കേഷനായി ടൂറിസം കേന്ദ്രങ്ങളിലേക്ക് പോകുന്ന സഞ്ചാരികളാണ് നൊമാഡ് വീസകള്‍ തിരഞ്ഞെടുക്കാറ്. നിലവില്‍ ജപ്പാനും ദക്ഷിണകൊറിയയും സ്‌പെയിനും ഇറ്റലിയും ഉള്‍പ്പടെയുള്ള രാജ്യങ്ങളിലാണ് ഇത്തരം വീസകളുള്ളത്. ഇപ്പോഴിതാ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമായ തുര്‍ക്കിയും ഡിജിറ്റല്‍ നൊമാഡുകളെ സ്വാഗതം ചെയ്തിരിക്കുകയാണ്.
രണ്ട് ഭൂഖണ്ഡങ്ങള്‍ പങ്കിട്ടെടുത്ത രാജ്യമെന്നാണ് തുര്‍ക്കിയുടെ വിളിപ്പേര്. യൂറോപ്പിന് ഏഷ്യ നല്‍കിയ സമ്മാനം പോലെയാണ് ഭൂപടത്തില്‍ തുര്‍ക്കിയുടെ സ്ഥാനം. അതുകൊണ്ട് തന്നെ ഏതൊരു സഞ്ചാരിയെയും ഭ്രമിപ്പിക്കുന്ന കാഴ്ചകഴളാണ് തുര്‍ക്കിയിലുള്ളത്. മനോഹരമായ ഭൂപ്രകൃതിയും താരതമ്യേനെ സുഖകരമായ കാലവസ്ഥയും സഞ്ചാരികളെ തുര്‍ക്കിയിലേക്കെത്തിക്കുന്നു. ഇസ്താംബുള്‍ നഗരവും ഹാഗിയ സോഫിയയും ബ്ലൂ മോസ്‌കും കപ്പഡോഷ്യയിലെ ഹോട്ട് എയര്‍ബലൂണുകളുമെല്ലാമായി മാസങ്ങളോളം കാണാനുള്ള കാഴ്ചകളാണ് തര്‍ക്കിയിലുള്ളത്. ഇത്തരത്തില്‍ തുര്‍ക്കിയിലുടനീളം സഞ്ചരിച്ച് കാഴ്ചകള്‍ കാണാന്‍ സഹായിക്കും എന്നത് കൂടിയാണ് നൊമാഡ് വീസയുടെ പ്രത്യേകത.
എന്നല്‍ മറ്റ് വീസകള്‍ പോലെ തന്നെ ഈ വീസ ലഭിക്കാനും ചില വ്യവസ്ഥകളുണ്ട്. അപേക്ഷകര്‍ 21 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളയാളായിരിക്കണം. യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, യുകെ, ക്യാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് മുന്‍ഗണന. വാര്‍ഷിക വരുമാനം കുറഞ്ഞത് 36000 ഡോളര്‍ ഉണ്ടായിരിക്കണം. ഓണ്‍ലൈനായി ചെയ്യാവുന്ന ജോലിയോ ബിസിനസോ ഉള്ളവര്‍ക്ക് മാത്രമേ ഈ വീസ ലഭിക്കുകയുള്ളു.
ഡിജിറ്റല്‍ നൊമാഡ് വീസകള്‍ക്കായി ഒരു വൈബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. പാസ്‌പോര്‍ട്ടും ഫോട്ടോയും മറ്റ് രേഖകളും ഇതില്‍ അപ്ലോഡ് ചെയ്ത ശേഷം വീസയ്ക്കായി അപേക്ഷിക്കാം. അപേക്ഷകന്റെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ അപേക്ഷകര്‍ക്ക് അവരുടെ ഡിജിറ്റല്‍ നൊമാഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി തന്നെ ലഭിക്കും. ഇതുമായി ഒരു തുര്‍ക്കി വീസ സെന്ററിലോ കോണ്‍സുലേറ്റിലോ പോയാല്‍ വീസ സ്റ്റാമ്പ് ചെയ്ത് കിട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല