
സ്വന്തം ലേഖകൻ: രാജ്യത്തെ വിപണി വില നിര്‍ണയത്തിലെ സര്‍ക്കാര്‍ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും അവശ്യവസ്തുക്കളുടെ അന്യായ വില വര്‍ധന തടയുന്നതിനുമായി പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപനകല്‍പ്പന ചെയ്ത് യുഎഇ. നാഷനല്‍ കമ്മോഡിറ്റി പ്രൈസ് കണ്‍ട്രോള്‍ പ്ലാറ്റ്‌ഫോം അഥവാ ദേശീയ ചരക്ക് വില നിയന്ത്രണ പ്ലാറ്റ്ഫോം എന്ന പുതിയ സംവിധാനമാണ് യുഎഇ സാമ്പത്തിക മന്ത്രാലയം ആരംഭിച്ചത്.
കൂടുതല്‍ ശക്തമായ വിപണി മേല്‍നോട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു വില നിരീക്ഷണ, നിയന്ത്രണ പ്ലാറ്റ്‌ഫോമുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വിപണികളില്‍ അവശ്യ സാധനയങ്ങളുടെ വില സ്ഥിരപ്പെടുത്തുന്നതിനും അന്യായമായ വിലവര്‍ദ്ധനവില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നു.
സഹകരണ സ്ഥാപനങ്ങള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, പ്രധാന സ്റ്റോറുകള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലുടനീളം നിരീക്ഷണം നടത്താന്‍ ഈ പ്ലാറ്റ്‌ഫോം ബന്ധപ്പെട്ട അധികാരികളെ അനുവദിക്കും. അവശ്യ സാധനങ്ങളായ പാചക എണ്ണ, മുട്ട, പാല്‍, അരി, പഞ്ചസാര, കോഴി, പയര്‍വര്‍ഗങ്ങള്‍, റൊട്ടി, ഗോതമ്പ് തുടങ്ങിയ ഒമ്പത് സാധനങ്ങളുടെ വില നിരീക്ഷിക്കാന്‍ ഇത് വഴി സാധിക്കും. ഈ അവശ്യ വസ്തുക്കളിലെ യുഎഇയുടെ ആഭ്യന്തര വ്യാപാരത്തിന്റെ 90 ശതമാനത്തിലധികവും ഈ പ്ലാറ്റ്‌ഫോമിന്റെ നിരീക്ഷണത്തിന്റെ പരിധിയില്‍ വരും.
ഈ പ്ലാറ്റ്ഫോം ഉപഭോക്തൃ സംരക്ഷണത്തിനും വിപണി സ്ഥിരതയ്ക്കുമുള്ള യുഎഇയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്ന സംരംഭമാണെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി പറഞ്ഞു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി യുഎഇ ഒരു സംയോജിത നിയമനിര്‍മ്മാണ, നിയന്ത്രണ ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്, ചില്ലറ വ്യാപാര, മൊത്ത വ്യാപാര മേഖലകളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ തന്നെ, ഷോപ്പിങ്ങിനായി സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷം ഉറപ്പാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഈ പുതിയ പ്ലാറ്റ്ഫോം സുതാര്യത, ഭരണം, നിയന്ത്രണ കാര്യക്ഷമത എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിപണികളിലെ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ പ്ലാറ്റ്ഫോം തല്‍ക്ഷണം ട്രാക്ക് ചെയ്യുകയും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മുന്‍നിശ്ചയിച്ച വില പരിധിയുമായി അവയെ താരതമ്യം ചെയ്യുകയും ചെയ്യും. വിലയിലെ കൃത്രിമത്വം, അന്യായമായ വില വര്‍ധനവ്, വ്യാപാരികളുടെയോ വിതരണക്കാരുടെയോ വിപണി ചൂഷണം എന്നിവ തടയാന്‍ ഇതിവൂടെ സാധിക്കും. കൂടാതെ, പ്ലാറ്റ്ഫോം വിപുലമായ ഡാറ്റ ശേഖരണവും വിശകലന സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിലൂടെ വിവിധ പ്രദേശങ്ങളിലുടനീളമുള്ള വിലനിര്‍ണയ പ്രവണതകളെക്കുറിച്ചുള്ള കാലികമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കും.
വിലകള്‍ നിരീക്ഷിക്കുന്നതിനൊപ്പം, നിയമം പാലിക്കാത്ത ചില്ലറ വില്‍പ്പന ശാലകള്‍ കൃത്യമായി കണ്ടെത്തുന്നതിനും അവയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും പുതിയ പ്ലാറ്റ്‌ഫോം സഹായകമാണ്. അവശ്യ ഉപഭോക്തൃ വസ്തുക്കളുടെ വില നിയന്ത്രിക്കുന്ന 2022ലെ 120-ാം നമ്പര്‍ കാബിനറ്റ് പ്രമേയത്തില്‍ വിവരിച്ചിരിക്കുന്ന ഒരു പുതിയ വിലനിര്‍ണ്ണയ നയം ഈ വര്‍ഷം ആദ്യം യുഎഇ നടപ്പിലാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് ഈ നീക്കം. പുതിയ നയം പ്രകാരം, ലിസ്റ്റ് ചെയ്ത ഒൻപത് ഉല്‍പ്പന്നങ്ങളുടെയും വില വര്‍ധനവ് സാമ്പത്തിക മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ സാധ്യമാകൂ.
ഇതിനു പുറമെ, ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം നിരീക്ഷിക്കാനും അവ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന ആരോഗ്യ, വാണിജ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും പ്ലാറ്റ്ഫോം സഹായിക്കും. വ്യത്യസ്ത വിപണികളിലുടനീളമുള്ള വിലകള്‍ താരതമ്യം ചെയ്യുന്നതിനും, ന്യായവും മത്സരക്ഷമവുമായ ഒരു വിപണി നിലനിര്‍ത്തുന്നതിനുള്ള സമഗ്രവും വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതുമായ ഒരു സമീപനം പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല