സ്വന്തം ലേഖകൻ: റിയൽ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ സേവനങ്ങൾ ഡിജിറ്റലാക്കാനനുവദിക്കുന്ന പുതിയ നിയമം ഖത്തറിൽ പ്രാബല്യത്തിൽ വന്നു. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ സേവനങ്ങൾക്കായി അപേക്ഷകർക്ക് ഇനി മന്ത്രാലയ ആസ്ഥാനങ്ങളിലോ സേവന കേന്ദ്രങ്ങളിലോ നേരിട്ട് ഹാജരാക്കേണ്ടതില്ല. റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ നിയന്ത്രിക്കുന്നതിനായി നേരത്തെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ നിയമം പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നടപ്പാക്കാനൊരുങ്ങുകയാണ് ഖത്തർ നീതിന്യായ മന്ത്രാലയം.
നിലവിൽ എസ്.എ.കെ ആപ്ലിക്കേഷൻ വഴിയാണ് സേവനങ്ങൾ നൽകുന്നത്. പുതിയ നിയമം വരുന്നതോടെ സേവനങ്ങൾ പൂർണമായും ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ നൽകാൻ അനുവദിക്കും. നിയമം ഒൗദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരുമെന്നും ഡിജിറ്റലായി സേവനങ്ങൾ നൽകുന്നത് ആരംഭിക്കുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വകുപ്പ് മേധാവി ആമിർ അൽ ഗാഫിരി പറഞ്ഞു. അവശ്യ സേവനങ്ങൾക്കായി അപേക്ഷകർ ഇനി മന്ത്രാലയ ആസ്ഥാനങ്ങളോ സേവന കേന്ദ്രങ്ങളോ സന്ദർശിക്കേണ്ടതില്ല.
റിയൽ എസ്റ്റേറ്റ് വിൽപന ഇടപാടുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിലാണ് പ്രാരംഭ ഘട്ടത്തിൽ കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും കൂടുതൽ സേവനങ്ങൾ പിന്നീട് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുമെന്നും അൽ ഗാഫിരി വ്യക്തമാക്കി. പുതിയ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഉപഭോക്താക്കൾക്ക് എസ്.എ.കെ ആപ്ലിക്കേഷൻ വഴി ഒൺലൈനായി ഇടപാടുകൾ നടത്താനുള്ള സൗകര്യം ഉടൻ ലഭ്യമാകും.
രജിസ്ട്രേഷൻ നടപടികൾക്കായുള്ള ഇലക്ട്രോണിക് അപേക്ഷകൾക്കും ഇടപാടുകൾക്കും പരമ്പരാഗത പേപ്പർ അധിഷ്ഠിത രേഖകളുടെ അതേ നിയമപരമായ സാധുത ഉണ്ടെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.വഞ്ചന തടയുന്നതിനും, ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിനും തർക്കങ്ങൾ ലഘൂകരിക്കുന്നതിനും കക്ഷികൾ സമഗ്രമായ റിയൽ എസ്റ്റേറ്റ് വിവരങ്ങൾ നൽകുന്നതിനും റിയൽ എസ്റ്റേറ്റ് പേജുകളിൽ ജുഡീഷ്യൽ വിധികൾ ഉടനടി രേഖപ്പെടുത്തുന്നതിനുമുള്ള സംവിധാനവും ഇത് അവതരിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല