സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത് അഞ്ചു ഇ-വാലറ്റുകള്‍ വഴിയാണെന്ന് ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. അല്‍ഇന്‍മാ പേ, യുആര്‍പേ, എസ്ടിസി പേ, ഇന്‍ജാസ്, മൊബൈലി പേ എന്നീ ഇ-വാലറ്റുകള്‍ വഴിയാണ് ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ട്രാന്‍സ്ഫര്‍ ചെയ്യേണ്ടത്. മുസാനിദ് പ്ലാറ്റ്‌ഫോമിലെ വേതന ട്രാന്‍സ്ഫര്‍ കോളം വഴി ഇ-വാലറ്റുകള്‍ മുഖേന വേതനം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികളുടെ വേതനം ഇ-വാലറ്റുകള്‍ വഴി വിതരണം ചെയ്യണമെന്ന വ്യവസ്ഥ ഈ മാസം ആദ്യം മുതലാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ബന്ധമാക്കിയത്. തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കാനും ഇരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വിതരണം ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന വേതന സുരക്ഷാ പദ്ധതി അഞ്ചു ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. പുതിയ വീസകളില്‍ എത്തുന്ന തൊഴിലാളികള്‍ക്കാണ് ഈ മാസം ഒന്നു മുതല്‍ പദ്ധതി നിര്‍ബന്ധമാക്കിയത്. നാലും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജനുവരി ഒന്നു മുതലും മൂന്നും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജൂലൈ ഒന്നു മുതലും രണ്ടും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് 2025 ഒക്‌ടോബര്‍ ഒന്നു മുതലും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വേതനം വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്.
2026 ജനുവരി ഒന്നു മുതല്‍ സൗദിയിലുള്ള മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വേതനം വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ശമ്പളം നല്‍കല്‍ പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താനും ശമ്പള വിതരണം എളുപ്പമാക്കാനുമാണ് വേതന വിതരണം ഡിജിറ്റല്‍ വാലറ്റുകളിലൂടെ പരിമിതപ്പെടുത്തുതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ 37 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളുണ്ട്. ഇതില്‍ പകുതിയോളം ഹൗസ് ഡ്രൈവര്‍മാരാണ്.
തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായാലും നിയമാനുസൃത കാരണമില്ലാതെ ഇടക്കുവച്ച് തൊഴിലുടമ കരാര്‍ റദ്ദാക്കിയാലും നിയമാനുസൃത കാരണത്തിന്റെ പേരില്‍ തൊഴിലാളി കരാര്‍ റദ്ദാക്കിയാലും തൊഴിലാളിയെ സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള ടിക്കറ്റ് നിരക്ക് വഹിക്കേണ്ടത് തൊഴിലുടമയാണെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു.
സൗദിയിലെത്തി 90 ദിവസക്കാലം ഗാര്‍ഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം അവരെ റിക്രൂട്ട് ചെയ്യാന്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിനാണ്. 90 ദിവസത്തിനു ശേഷം തൊഴിലാളിയുടെ ഉത്തരവാദിത്തം തൊഴിലുടമക്കായിരിക്കുമെന്നും, ഗാര്‍ഹിക തൊഴിലാളി ജോലിക്ക് വീസമ്മതിക്കുന്നതിനെ കുറിച്ചുള്ള അന്വേഷണത്തിന് മറുപടിയായി മുസാനിദ് പ്ലാറ്റ്‌ഫോം പറഞ്ഞു. പ്രൊബേഷന്‍ കാലം കഴിഞ്ഞ ശേഷം തൊഴില്‍ കരാര്‍ കാലയളവ് പാലിക്കാത്ത ഗാര്‍ഹിക തൊഴിലാളിയുടെ സ്വദേശത്തേക്കുള്ള മടക്കയാത്രാ ചെലവ് തൊഴിലാളി സ്വയം വഹിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല