1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2025

സ്വന്തം ലേഖകൻ: റെസിഡന്‍സ് പെര്‍മിറ്റുകള്‍ ഇ വീസയ്ക്ക് വഴിമാറി; പ്രവേശനം ലഭിക്കാതെ കുടുങ്ങി യാത്രക്കാർ. യുകെ പ്രവാസികളുടെ കൈവശം ഉണ്ടായിരുന്ന ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ കാലഹരണപ്പെട്ടു. അതേസമയം അതിനു പകരമായി വന്ന ഇ വീസ സംവിധാനം ശരിയായ രീതിയില്‍ പ്രവൃത്തിക്കുന്നുമില്ല. തത്ഫലമായി വിദേശികള്‍ക്ക്, നിയമപരമായ അര്‍ഹതയുണ്ടെങ്കില്‍ കൂടി യുകെയിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുകയാണ്.

ഇമിഗ്രേഷന്‍ സംവിധാനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതി തുടക്കത്തിലെ കല്ലുകടി ആയതോടെ ഏറെ വിദേശികളാണ് ദുരിതമനുഭവിക്കുന്നത്. നിയമപരമായി റെസിഡന്‍സ് സ്റ്റാറ്റസ് ഉണ്ടെങ്കില്‍ കൂടി ഇലക്ട്രോണിക് വീസ പ്രവര്‍ത്തിക്കാത്തതിനാല്‍ പലര്‍ക്കും വിമാനത്തില്‍ കയറിപ്പറ്റാന്‍ തന്നെ ഏറെ ക്ലേശിക്കേണ്ടതായി വന്നു.

ഒട്ടുമിക്ക ഫിലിസ്‌ക്കല്‍ ഐ ഡി കാര്‍ഡുകളും ഡിസംബര്‍ 31ന് കാലഹരണപ്പെട്ടതോടെ ജനുവരി ഒന്നു മുതല്‍ ഇ വീസ സിസ്റ്റം നിലവില്‍ വരും എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, ചില സാങ്കേതിക പിഴവുകള്‍ വന്നതോടെ ഇ വീസ ആരംഭിക്കുന്ന സമയം മാര്‍ച്ച് വരെ നീട്ടുകയായിരുന്നു. തുടര്‍ന്ന് ജനങ്ങളോടെ കാലഹരണപ്പെട്ട കാര്‍ഡുകള്‍ തന്നെ യാത്രാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചില എയര്‍ലൈന്‍ കമ്പനികള്‍ ഈ കാര്‍ഡുകള്‍ സ്വീകരിക്കുവാന്‍ തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

പുതിയ നിയമമനുസരിച്ച്, ഷെയര്‍ കോഡ് വഴി യുകെ ബോര്‍ഡര്‍ ഫോഴ്സൈലും എയര്‍ലൈന്‍സിലും ഇ വീസ ഉടമകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തണം. മാത്രമല്ല, അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസും വെളിപ്പെടുത്തണം. സര്‍ക്കാര്‍ അവകാശപ്പെടുന്നത് ഒരു വ്യതിക്ക് തന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് വെളിപ്പെടുത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗമാണിതെന്നാണ്. ഫിസിക്കല്‍ ഐ ഡി കാര്‍ഡുകള്‍ നഷ്ടപ്പെടാനൊ മോഷണം പോകാനോ ഒക്കെ സാധ്യതയുണ്ട്. എന്നാല്‍, ഇനിയും പത്തുലക്ഷത്തിലേറെ പേര്‍ ഇ വീസക്കായി അപേക്ഷിക്കാന്‍ ബാക്കിയുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.

അവസാന നിമിഷം ആളുകള്‍ കൂട്ടത്തോടെ അപേക്ഷിക്കാന്‍ തുടങ്ങിയതോടെ ഡിസംബര്‍ 31ന് ഇമിഗ്രേഷന്‍ വെബ്‌സൈറ്റ് ക്രാഷ് ആവുകയായിരുന്നു. ഇതോടെ വര്‍ഷാരംഭത്തില്‍ യാത്ര ചെയ്യാന്‍ ഇരുന്നവര്‍ക്ക് അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാന്‍ വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യാനുംകഴിഞ്ഞില്ല. അടുത്തിടെ അഭയം ലഭിച്ച അഭയാര്‍ത്ഥികളും ഏറെ പ്രശ്നങ്ങള്‍ ഇതുമൂലം നേരിടുന്നുണ്ട്. ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പല ആനുകൂല്യങ്ങള്‍ക്കും അപേക്ഷിക്കാന്‍ ഇവര്‍ക്കാവുന്നില്ല.

യാത്രക്കാരുടെ പരാതികളും ആശങ്കകളും തങ്ങള്‍ അറിയുന്നുണ്ടെന്നും പ്രശ്ന പരിഹരണത്തിനായി വിമാനക്കമ്പനികളും മറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഹോം ഓഫീസ് വക്താവ് അറിയിച്ചു. അതിനൊപ്പം ഇ വീസ സുഗമമായി പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ എടുക്കുന്നുണ്ടെന്നും വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.