1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2022

സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നാളേയും മറ്റന്നാളും ക്രൈംബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

ഏത് അന്വേഷണത്തിനും തയാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാന്‍ തയാറാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഗൂഡാലോചന തുടങ്ങി മറ്റ് ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകട്ടേയെന്നും എന്നിട്ട് ജാമ്യ ഹര്‍ജി പരിഗണിച്ചാല്‍ പോരെയെന്നും കോടതി ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം ഹര്‍ജി പരിഗണിക്കാമെന്ന തീരുമാനത്തിലേക്ക് കോടതി എത്തുകയായിരുന്നു.

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേര്‍ത്തിട്ടുണ്ട്. മുന്‍പ് ചുമത്തിയ വകുപ്പുകളില്‍ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ലൈംഗികാതിക്രമത്തിനായി കുറ്റവാളികളുടെ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതും അത് അന്വേഷിച്ച ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയതും കേരള ചരിത്രത്തില്‍ ആദ്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എന്നാല്‍ മാത്രമേ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂവെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസിന് ദിലീപിനോടുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് കോടതിയില്‍ ഹാജരായത്.

ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വളരെ വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. കേസിന്റെ വിചാരണ വേളയില്‍ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ് പ്രോസിക്യൂഷന്‍ നടത്തിയത്. അതേ സമയം കേസ് വാദം ആരംഭിച്ച് വിശദമായ വാദത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ് ചില സംശയങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ അത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ചോദിച്ചു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു. കൃത്യമായ വധഗൂഢാലോചന നടന്നിട്ടുണ്ട്. അത് വ്യക്തമാക്കുന്ന രണ്ട് പുതിയ കൃത്യമായ തെളിവുകള്‍ പ്രോസ്‌ക്യൂഷന് ലഭിച്ചിട്ടുണ്ട്. അത് ഇപ്പോള്‍ പരസ്യമാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

അതേസമയം ശരത്തിന്റെ ജാമ്യ ഹര്‍ജി ഇതോടൊപ്പം പരിഗണിക്കരുത്. ശരത്ത് ഈ കേസില്‍ പ്രതിയല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.