സ്വന്തം ലേഖകന്‍: ദിലീപും ആന്റണി പെരുമ്പാവൂരും ഭാരവാഹികളായി സിനിമാ നിര്‍മ്മാതാക്കള്‍ക്ക് പുതിയ സംഘടന. ദിലീപ് മുന്‍കൈയെടുത്തു രൂപീകരിച്ച സിനിമാ സംഘടനയ്ക്ക് ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് പേര്. പ്രസിഡന്റായി ദിലീപിനെയും വൈസ് പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെയും ജനറല്‍ സെക്രട്ടറിയായി ബോബിയെയും തിരഞ്ഞെടുത്തു.
സംസ്ഥാനത്ത് തിയേറ്റര്‍ അടച്ചിടുന്ന സ്ഥിതി ഇനിയുണ്ടാവില്ലെന്ന് ദിലീപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു തിയേറ്ററിലും സിനിമ കൊടുക്കാന്‍ പാടില്ലെന്ന നിലപാടില്ല. എന്നാല്‍ സമരത്തിന്റെ അടിസ്ഥാനത്തില്‍ സിനിമ നിര്‍ത്താന്‍ പാടില്ല. ഇനിയൊരിക്കലും സമരത്തിന്റെ പേരില്‍ സിനിമ നിര്‍ത്തിവെയ്ക്കുന്ന അവസ്ഥ ഉണ്ടാവില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ അംഗീകാരവും ആശീര്‍വാദവും പുതിയ സംഘടനയ്ക്കുണ്ടെന്ന് ദിലീപ് പറഞ്ഞു.
ഒരേ സമയം നിര്‍മ്മാതാക്കളും വിതരണക്കാരും തിയേറ്ററുടമകളും ഉള്‍പ്പെടുന്ന സംഘടനയാണ് നിലവില്‍ വന്നിട്ടുള്ളത്. തിയേറ്റര്‍ വിഹിതത്തിന്റെ അമ്പതു ശതമാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നടത്തിയ ഒരു മാസത്തെ സമരത്തിനൊടുവിലാണ് പുതിയ സംഘടനയുടെ പിറവി.
ഒരു മാസത്തെ സമരം കഴിഞ്ഞു തിയറ്ററുകളിലെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്റെ സുവിശേഷങ്ങള്‍ എന്നീ ചിത്രങ്ങള്‍ ഫെഡറേഷന്റെ ഇരുപത്തിയഞ്ചു തിയേറ്ററുകള്‍ക്കു നല്‍കിയിട്ടില്ല. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യ പ്രകാരം ഇരുപത്തിയഞ്ചിന് തിരുവന്തപുരത്തു ചര്‍ച്ച വിളിച്ചിട്ടുണ്ട്. പുതിയ സംഘടനയെ പ്രതിനിധീകരിച്ച് ദിലീപ് ചര്‍ച്ചയില്‍ പങ്കെടുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല