![](https://www.nrimalayalee.com/wp-content/uploads/2020/01/Actress-Attack-Case-Dileep-High-Court.jpg)
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണത്തിന് സ്റ്റേയില്ല. അന്വേഷണം തുടരാമെന്നും വേനലവധിക്ക് ശേഷം വിശദമായി വാദം കേൾക്കാമെന്നും ഹൈക്കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി അന്വേഷണം തുടരാമെന്ന് അറിയിച്ചത്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു ദിലീപിന് വേണ്ടി ഹാജരായത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഫോണുകളിൽ നിന്നും നീക്കം ചെയ്തത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നും ദിലീപ് വാദിച്ചു. എന്നാൽ, അന്വേഷണം സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
രാവിലെ കേസ് പരിഗണിച്ചപ്പോൾ വിശദമായ വാദമാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ.ഹരിപാൽ ചോദിച്ചു. തുടർന്ന് കേസ് അവധിക്കുശേഷം കേൾക്കാമെന്ന് ജഡ്ജി പറഞ്ഞു. ഇതിനോട് പ്രതികരിച്ചാണ് ദിലീപിന്റെ അഭിഭാഷകൻ സ്റ്റേ ആവശ്യപ്പെട്ടത്. എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വേനലവധിക്ക് ശേഷം ഈ മാസം 28ന് ഹർജിയിൽ വാദം തുടരും.
അതേസമയം, കേസിൽ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം തള്ളി ദിലിപ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. തന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന സഹായി ദാസനെ ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നൽകിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കൂടാതെ, ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടും കോടതി പരിശോധിച്ചുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല