![](https://www.nrimalayalee.com/wp-content/uploads/2022/01/Actress-Abduction-Case-Dileep-New-FIR.jpg)
സ്വന്തം ലേഖകൻ: ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. അന്വേഷണസംഘത്തിന് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് ഫോണുകള്‍ വാങ്ങാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റിവെച്ചു. അതിനാല്‍തന്നെ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂർ ജാമ്യഹര്‍ജിയിലെ വിധി ഇന്നുണ്ടാകില്ല.
ഇതിനിടെ, ഹാജരാക്കിയ ആറ് ഫോണുകളില്‍ അഞ്ചെണ്ണം അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഐഎംഇഐ നമ്പര്‍ ഒത്തുനോക്കിയായിരുന്നു പരിശോധന. ദിലീപിന്റെ അഭിഭാഷകരുടെ കൂടി സാന്നിധ്യത്തിലായിരുന്നു പരിശോധന. ആവശ്യപ്പെട്ട ഒന്നാമത്തെ ഫോണ്‍ ഹാജരാക്കിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ കാര്യത്തില്‍ അവ്യക്തതയുണ്ട്. ഇത് നീക്കാന്‍ ഫോണ്‍ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപ് കൈമാറാത്ത ഫോണില്‍ നിന്ന് രണ്ടായിരത്തോളം കോളുകള്‍ ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ദിലീപിന്റെ സഹോദരന്‍ പി. അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധുവായ അപ്പു എന്നിവരാണു കേസിലെ മറ്റു പ്രതികള്‍. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അടിയന്തരമായി തീരുമാനമെടുക്കണം എന്നതാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം.
ജാമ്യപേക്ഷ വൈകുന്ന ഓരോ ദിവസവും ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്ന് ദിലീപ് ആരോപിക്കുന്നു. എന്നാൽ ദിലീപിന് അറസ്റ്റിൽനിന്ന് സംരക്ഷണം ഉള്ളതിനാൽ ഓരോ ദിവസവും തെളിവുകൾ നശിപ്പിക്കുകയാണ് എന്നാണ് പ്രോസിക്യൂഷൻ ആരോപണം.
അറസ്റ്റിൽ നിന്നുള്ള സംരക്ഷണം കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യപേക്ഷ തള്ളണമെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് പ്രോസിക്യൂഷൻ. കേരളത്തിൽ ഇതുവരെ ഒരു പ്രതിക്കും ലഭിക്കാത്ത പരിഗണനയാണ് ഈ കേസിൽ ദിലീപിന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല