സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ എട്ടാംപ്രതിയായ നടൻ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ ഹർജി നൽകും. നടി കാവ്യ മാധവനെ നാളെ ചോദ്യം ചെയ്യാനിരിക്കെയാണ് നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ചിൻ്റെ നിർണ്ണായക നീക്കം. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹർജിയുമായി മുന്നോട്ട് പോകുന്നത്.
നടിയെ അക്രമിച്ച കേസിലെ തുടരന്വേഷണം തകൃതിയായി പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ഇത് സംബന്ധിച്ച ഹർജി തയ്യാറായി കഴിഞ്ഞു. ഉടൻ തന്നെ ഇത് വിചാരണക്കോടതിയിൽ സമർപ്പിക്കും. ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്ന പുതിയകുറച്ച് തെളിവുകളുടെ കൂടെ അടിസ്ഥാനത്തിലായിരിക്കും വിചാരണക്കോടതിയിൽ ഹർജി നൽകുക.
നേരത്തേ നടിയെ അക്രമിച്ച കേസിൽ ദിലീപിന് ജാമ്യം അനുവദിച്ചപ്പോൾ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വിചാരണക്കോടതിയെ സമീപിക്കാമന്ന് വ്യവസ്ഥയുണ്ടായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ ക്രൈംബ്രാഞ്ച് നീക്കം. ഇന്ന് ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൌലോസിനോട് വിചാരണക്കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
നാളെയാണ് കാവ്യ മാധവനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്. ദീലീപിൻ്റെ വീട്ടിൽ എത്തണമെന്ന കാവ്യയുടെ ആവശ്യം ക്രൈംബ്രാഞ്ച് നിരസിച്ചിട്ടുണ്ട്. സൌകര്യപ്രദമായ മറ്റൊരു സ്ഥലം നിർദ്ദേശിക്കാനാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ മറ്റെവിടെയും കാവ്യ നിർദ്ദേശിച്ചില്ല എങ്കിൽ ആലുവ പോലീസ് ക്ലബ്ബിൽ എത്തണമെന്നും ക്രൈംബ്രാഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല