![](https://www.nrimalayalee.com/wp-content/uploads/2020/01/Actress-Attack-Case-Dileep-High-Court.jpg)
സ്വന്തം ലേഖകൻ: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വ്യക്തമായ തെളിവുണ്ടെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ നടൻ ദിലീപിനെ ചോദ്യം ചെയ്യൽ പുരോഗമിക്കവെ ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ക്രൈംബ്രാഞ്ചിന്റെ കയ്യിൽ ഇപ്പോൾ എന്തൊക്കെ തെളിവുകളുണ്ടെന്ന് പറയാനാകില്ല. ഒന്നും ഇല്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്ന് മനസിലാക്കാമല്ലോ. ദിലീപ് ചോദ്യം ചെയ്യലിൽ സഹകരിച്ചാൽ മാത്രമല്ല, നിസഹരിക്കുന്നതും കേസിൽ വഴിത്തിരിവുണ്ടാക്കുമെന്നും എഡിജിപി പ്രതികരിച്ചു.
കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടക്കുന്നത്. കൂടുതൽ സമയം വേണമെങ്കിൽ അത് കോടതിയോട് ആവശ്യപ്പെടും. കോടതിയുടെ നിർദ്ദേശം പൂർണമായും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിചേർത്ത അഞ്ചു പേരെയും ചോദ്യം ചെയ്യൽ തുടരുകയാണ്. എഡിജിപിയും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യലിൽ ഇരുവരും ഭാഗമാകും. ഇതുവരെയുള്ള ചോദ്യം ചെയ്യൽ ഇവർ വിലയിരുത്തും.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഡിജിപി ബി സന്ധ്യയാണെന്ന് നടൻ ദിലീപ്. ബി സന്ധ്യയായിരുന്നു നേരത്തെ കേസ് അന്വേഷിച്ചത്. ബാലചന്ദ്ര കുമാറിനെതിരെ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2017 ൽ നെടുമ്പാശേരി പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് എഡിജിപിയായിരുന്ന ബി സന്ധ്യ നേരിട്ടാണ് അന്വേഷിച്ചിരുന്നത്. തെളിവുകൾ കെട്ടിചമയ്‌ക്കുന്നതിനും പേരും പ്രശസ്തിയും കിട്ടുന്നതിന് വേണ്ടി നിരപരാധികളെ കേസിലേക്ക് വലിച്ചിഴയ്‌ക്കുകയും ചെയ്യുന്ന ട്രാക്ക് റെക്കോഡുളള ഉദ്യോഗസ്ഥയാണ് സന്ധ്യയെന്ന് കേട്ടിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ബാലചന്ദ്ര കുമാറുമായി പിക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമാണ് തനിക്ക് ഉളളതെന്ന് ദിലീപ് പറയുന്നു. ഈ ചിത്രത്തിൽ തിരക്കഥ എഴുതാമെന്ന് ഏറ്റിരുന്നത് ബാലചന്ദ്രകുമാർ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കഴിവുകേടു കൊണ്ടു മാത്രം അത് പറഞ്ഞ സമയത്ത് പൂർത്തിയായില്ല. 2015 ലാണ് ചിത്രത്തിനായി ടൈറ്റിൽ രജിസ്‌ട്രേഷൻ നടത്തിയത്. പിന്നീട് ഇയാൾ ചിത്രം സംവിധാനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും സമ്മതിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടാണെന്ന് ഇയാൾ പറഞ്ഞുപരത്തി. ഒരു മാസത്തിന് ശേഷം ബിഷപ്പിന് നൽകാൻ പണം വേണമെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ചു. ഭീഷണിപ്പെടുത്തുകയും ചെയ്തു. നെയ്യാറ്റിൻകര ബിഷപ്പിന്റെ സഹായം ഉറപ്പിക്കാൻ പണം ചിലവാക്കേണ്ടി വന്നുവെന്നായിരുന്നു ഇയാൾ പറഞ്ഞത്.
ഒടുവിൽ പള്ളിയുടെ ആവശ്യത്തിനെന്ന പേരിൽ സൂരജിൽ നിന്നും 50,000 രൂപ വാങ്ങി. അത് പള്ളിയിൽ ചിലവാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിത്രങ്ങളും അയച്ചു. ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ കടബാദ്ധ്യതകൾ പരിഹരിക്കാൻ സഹായിക്കണമെന്ന് ബാലചന്ദ്ര കുമാർ ആവശ്യപ്പെട്ടു. തുടർന്ന് ഇയാളെ ബ്ലോക്ക് ചെയ്‌തെന്നും ദിലീപ് സത്യവാങ്മൂലത്തിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല