1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2022

സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ ദിലീപിന് തിരിച്ചടി. തിങ്കളാഴ്ച 10.15ന് ഫോണുകൾ അന്വേഷണസംഘത്തിന് കൈമാറണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഹൈകോടതി രജിസ്ട്രാർക്കാണ് മൂന്ന് ഫോണുകൾ കൈമാറേണ്ടത്. ഫോൺ കൈമാറാൻ കൂടുതൽ സമയം വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടുവെങ്കിലും കോടതി അനുവദിച്ചില്ല.

ഫോണുകൾ മുംബൈയിലാണ് ഉള്ളതെന്നും അതിനാൽ എത്തിക്കാൻ കൂടുതൽ സമയം വേണമെന്നുമായിരുന്നു ദിലീപിന്‍റെ ആവശ്യം. എന്നാൽ ഇനി സമയം അനുവദിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഫോൺ മുംബൈയിലാണെങ്കിൽ ആരെയെങ്കിലും അയച്ച് എടുക്കണമെന്നും കോടതി പറഞ്ഞു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് എന്നിവരുടേതടക്കം ആറു ഫോണുകൾ തിങ്കളാഴ്ച മുദ്ര വെച്ച കവറിൽ കോടതിക്ക് കൈമാറണമെന്നാണ് ഉത്തരവ്.

ദിലീപ് ഫോൺ സ്വന്തം നിലക്ക് ഫോറൻസിക് പരിശോധനക്ക് അയച്ച നടപടി തെറ്റാണെന്ന് കോടതി പറഞ്ഞു. ഫോണുകൾ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസവും കോടതി ചോദ്യം ചെയ്തിരുന്നു. പൊലീസും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്നും കോടതി ദയ കാണിക്കണമെന്നുമായിരുന്നു ദിലീപിന്‍റെ വാദം. ഫോൺ ഫോറൻസിക് പരിശോധനക്കയച്ചെന്ന് ദിലീപ് കോടതിയിൽ രേഖാമൂലം മറുപടി നൽകി.

സ്വകാര്യത സംരക്ഷിക്കണമെന്നും ഫോൺ ആവശ്യപെടുന്നത് നിയമവിരുദ്ധമാണെന്നും ദിലീപ് പറഞ്ഞു. സംസ്ഥാനത്തെ ഫോറൻസിക് സംവിധാനത്തെ വിശ്വാസമില്ലെന്ന് ദിലീപ് പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോൺ നൽകാൻ ദിലീപ് തയാറായില്ല. ഇതോടെയാണ് ഫോൺ നൽകണമെന്ന അന്തിമ ഉത്തരവ് ഹൈകോടതി പുറപ്പെടുവിച്ചത്.

11 മണിക്ക് പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹരജി പരിഗണിച്ചത്. ഇന്നലെ ജാമ്യാപേക്ഷയിലും മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിന്മേലും വാദം കേട്ട കോടതി വിശദവാദത്തിനായി ഹരജികള്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.