1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2022

സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലിൽ നിന്ന് നടൻ ദിലീപിന് അയച്ച കത്തിൻ്റെ ഒറിജിനൽ കണ്ടെത്തി ക്രൈം ബ്രാഞ്ച്. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിൽ ദിലീപാണ് ഗൂഢാലോചന നടത്തിയതെന്ന് ആരോപിക്കുന്നതാണ് കത്ത്. പള്‍സര്‍ സുനിയ്ക്കൊപ്പം ജയിലിൽ കഴിഞ്ഞ കുന്ദംകുളം സ്വദേശിയായ സജിത്തിൻ്റെ വീട്ടിൽ നിന്നാണ് ക്രൈം ബ്രാഞ്ച് കത്ത് കണ്ടെത്തിയത്.

ഈ കത്ത് സുനി എഴുതിയതു തന്നെയാണോ എന്ന് ഉറപ്പാക്കാൻ വിശദമായ കൈയ്യക്ഷര പരിശോധന നടത്തും. ഇതിനായി ഉദ്യോസ്ഥര്‍ ജയിലിലെത്തി സുനിയുടെ കൈയ്യക്ഷര സാംപിള്‍ ശേഖരിച്ചെന്നാണ് റിപ്പോര്‍ട്ട്. കത്ത് ഉടൻ തന്നെ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കു എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2018 മേയ് ഏഴിനാണ് പള്‍സര്‍ സുനി ഈ കത്ത് എഴുതിയതെന്നാണ് പറയപ്പെടുന്നത്. ഈ കത്ത് കേസിലെ നിര്‍ണായക തെളിവാകും എന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയിൽ മാപ്പിരക്കും എന്നാണ് സുനി കത്തിൽ പറയുന്നത്. സാക്ഷികളെയും അഭിഭാഷകരെയും വിലയ്ക്കെടുത്താലും സത്യം മൂടിവെക്കാൻ കഴിയില്ലെന്നും സുനി കത്തിൽ പറയുന്നുണ്ട്. ഈ കത്തിൻ്റെ പകര്‍പ്പ് മുൻപ് മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.

കത്തെഴുതിയെങ്കിലും പള്‍സര്‍ സുനിയ്ക്ക് ഇത് ദിലീപിന് കൈമാറാൻ കഴിഞ്ഞില്ലെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട്. ഈ കത്ത് ദിലീപിൻ്റെ അഭിഭാഷകൻ സജിത്തിൻ്റെ കൈയ്യിൽ നിന്ന് ശേഖരിച്ചെന്നും എന്നാൽ ദിവസങ്ങള്‍ക്കു ശേഷം തിരിച്ചു നൽകുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇതിനിടെ സുനി നല്‍കിയ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കേസിലെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കാൻ കോടതി തയ്യാറാകാതിരുന്നത്. കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രതിഭാഗം മുന്നോട്ടു പോകുന്നതിനിടെയാണ് പുതിയ നീക്കങ്ങള്‍.
സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത്. ഈ മാസം പതിനഞ്ചിന് തുടരന്വേഷണം പൂര്‍ത്തിയാക്കി കോടതിയിൽ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന് കോടതി നല്‍കിയ നിര്‍ദേശം.

ഈ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെയും പുതിയ ഡിജിറ്റൽ തെളിവുകളുടെയും സഹായത്തോടെയാണ് ചോദ്യം ചെയ്തത്. ദിലീപിനു പുറമെ സുഹൃത്തായ വിഐപി വ്യവസായിയെയും ബാലചന്ദ്ര കുമാറിനെയും പോലീസ് വിളിച്ചു വരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.