![](https://www.nrimalayalee.com/wp-content/uploads/2020/01/Actress-Attack-Case-Dileep-High-Court.jpg)
സ്വന്തം ലേഖകൻ: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ അവസാന മണിക്കൂറുകളിലേക്ക്. എഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഹൈക്കോടതിയില്‍ നല്‍കാനിരിക്കുന്ന റിപ്പോര്‍ട്ടിന്റെ അന്തിമ രൂപം ചോദ്യം ചെയ്യലിന് ശേഷം തയാറാക്കും.
ഇതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസന്‍ എടവനക്കാടിനെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി. തെളിവെടുപ്പിനായാണ് ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. എഡിജിപി ശ്രീജിത്ത് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.
ബാലചന്ദ്രകുമാര്‍ നല്‍കിയ ശബ്ദരേഖകളിലെ ദിലീപിന്റെ ശബ്ദം സംവിധായകന്‍ റാഫി തിരിച്ചറിഞ്ഞതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യം ചെയ്യലുമായി ദിലീപ് സഹകരിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് കൃത്യമായ മറുപടി പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇന്ന് രാത്രി 8 മണിവരെ ചോദ്യം ചെയ്യല്‍ തുടരും.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നല്‍കി. ജനുവരി 27 മുതല്‍ 10 ദിവസത്തേക്കാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്. കൂടുതൽ സാക്ഷികളെ വിസ്തരിക്കാനുള്ളതിനാൽ സമയം നീട്ടി നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
നടൻ ദിലീപ് പ്രതിയായ കേസിൽ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. അഞ്ച് സാക്ഷികളെയാണ് അധികമായി വിസ്തരിക്കാനുള്ളത്. ഇതിൽ മൂന്നു സാക്ഷികളുടെ വിസ്താരം പൂർത്തിയായതാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകളെ എത്തിക്കാനുള്ളതും കോവിഡും കാരണം കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല