സ്വന്തം ലേഖകൻ: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്നു കരുതുന്നില്ലെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പള്‍സർ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു. ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. ദിലീപിന്റെ പെട്ടെന്നുള്ള ഉയർച്ചയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു.
അയാൾ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലർക്കും എതിർപ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന്റെ പേര് കേസിൽ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു. പൾസർ സുനിയും ദിലീപും തമ്മിൽ കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനിൽക്കില്ല എന്ന ഘട്ടം വന്നപ്പോൾ, യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ശ്രീലേഖ പറയുന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ കേസിലെ പ്രതി നടൻ ദിലീപിനെ ന്യായീകരിച്ചുകൊണ്ടുള്ള ആർ. ശ്രീലേഖയുടെ വ്ലോഗ് ചർച്ച ആയതോടെ കേസിൽ അവരുടെ മൊഴിയെടുക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
ശ്രീലേഖ ഐ.പി.എസ് നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി അതിജീവിതയുടെ കുടുംബാംഗം. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. അവരോട് സഹതാപമാണ് തോന്നുന്നതെന്നും കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് തകര്‍ന്നടിയുന്നതെന്നും ബന്ധു കുറിച്ചു.
ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ തള്ളി ചിത്രമെടുത്ത തൃശൂർ പുല്ലഴി സ്വദേശി ബിദിൽ. പൾസർ സുനിയും ദിലീപുമൊത്തുള്ള ചിത്രം വ്യാജമല്ലെന്നും കോടതിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിദിൽ പറഞ്ഞു. ശ്രീലേഖയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപിനു പുറകിലായി പൾസർ സുനി നിൽക്കുന്നതായിരുന്നു ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല