സ്വന്തം ലേഖകൻ: ജീവിതത്തിൽ തനിക്ക് മുന്നോട്ടുപോകാനുള്ള ഊർജം നൽകുന്നത് തന്റെ രണ്ട് പെൺമക്കളാണെന്ന് നടൻ ദിലീപ്. ഭൂരിപക്ഷം ആളുകളും സത്യം അറിയാൻ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമർശനമുന്നയിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് വ്യക്തമാക്കി.
“എനിക്കും ഒരു കുടുംബമുണ്ട്, ഞാൻ ഒരു ക്രൂരനല്ല. എന്റെ കുടുംബവുമായി അങ്ങേയറ്റം അടുപ്പമുള്ള ഒരാളാണ് ഞാൻ. അതിനാൽ മറ്റേതു വ്യക്തിയും കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങൾ എന്റെ ജീവിതത്തിലുമുണ്ട്. എല്ലാവർക്കും നല്ലതുവരട്ടെ എന്നേ ഞാൻ പ്രാർത്ഥിക്കുന്നുള്ളൂ.
എന്റെ മൂത്ത മകൾ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. മഹാലക്ഷ്മിക്ക് ഒരുവയസ് കഴിഞ്ഞു. എന്തുകൊണ്ടാണ് ഞാൻ ചെറുപ്പമായി കാണപ്പെടുന്നതെന്ന് ആരോ അടുത്തിടെ എന്നോട് ചോദിച്ചു. കുടുംബത്തിൽ ചെറുപ്പക്കാരായ ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ സ്വയം ചെറുപ്പമാകും,” ദിലീപ് പറഞ്ഞു.
പലരും തന്നെ നശിപ്പിക്കാൻ ശ്രമിച്ചപ്പോഴും പ്രേക്ഷകർ കൂടെയുണ്ടെന്ന് വ്യക്തമാക്കിത്തന്നത് രാമലീല എന്ന സിനിമയുടെ വിജയമാണ്. ഒരുപാട് പേർ ചേർന്ന് കൊല്ലാൻ ശ്രമിച്ച സിനിമയാണ് അത്. എന്നാൽ എല്ലാ തടസങ്ങളെയും ചിത്രം അതിജീവിച്ചു. 22 വർഷമായി സിനിമയിലുള്ള തനിക്ക് പിന്തുണ ആവശ്യമായി വന്ന ഘട്ടത്തിൽ ജനങ്ങൾ മാത്രമേ കൂടെ നിന്നുള്ളൂവെന്നും പറഞ്ഞു.
സിനിമാ മേഖലയിൽ നിന്നുള്ള പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന് താൻ അതേക്കുറിച്ച് ചിന്തിക്കുന്നില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.
“ഞാനൊരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, ഒരിക്കലും വിലയിരുത്തിയിട്ടില്ല. എന്റെ ജോലി ചെയ്യുകയും സിനിമയുമായി മുന്നോട്ടുപോകുകയും ചെയ്യുന്നു. കാരണം അതാണ് ഞാൻ ഇഷ്ടപ്പെടുന്നത്. സിനിമയാണ് എനിക്ക് എല്ലാം. അതാണ് ഇന്ന് എന്നെ നയിക്കുന്നത്,” താരം വ്യക്തമാക്കി.
ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ജാക്ക് ആൻഡ് ഡാനിയേൽ റിലീസിന് ഒരുങ്ങുകയാണ്. എസ് എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടൻ അർജുനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാക്കും ഡാനിയേലും ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളാണെന്നും സിനിമ പുറത്തിറങ്ങുമ്പോൾ ആരാണ് യഥാർഥ കള്ളനെന്ന് പ്രേക്ഷകർക്ക് മനസിലാകുമെന്നും ദിലീപ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല