സ്വന്തം ലേഖകന്‍: മൊയ്തീന്റെ കാഞ്ചനമാലക്ക് ജനപ്രിയനായകന്റെ കൈത്താങ്ങ്, മൊയ്തീന്‍ സേവാമന്ദിറിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന്. എന്നു നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ മലയാളികളുടെ സ്വന്തമായ മൊയ്തീന്‍, കാഞ്ചനമാല പ്രണയ സ്മാരകമായി നടന്‍ ദിലീപ് വാഗ്ദാനം ചെയ്ത കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ 18 ന് നടക്കും. നേരത്തെ കോഴിക്കോട് മുക്കത്തെ കാഞ്ചനമാലയുടെ വീട്ടിലെത്തിയ ദിലീപ് മൊയ്തീന്‍ സേവാ മന്ദിരത്തിന്റെ കെട്ടിടം പണിതുനല്‍കാമെന്ന് അറിയിച്ചിരുന്നു.
പുതിയ കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു. കെട്ടിടം പണിയാനായി മുനിസിപ്പാലിറ്റിയില്‍ നിന്നും അനുമതിയും ലഭിച്ചു. സേവാമന്ദിരത്തിന് നേരത്തെ ഒരു പ്ലാന്‍ തയ്യാറാക്കിയിരുന്നു. ദിലീപിന്റെ സുഹൃത്തിന്റെ സഹായത്തോടെ ഇത് പരിഷ്‌കരിച്ചാണ് പുതിയ പ്ലാന്‍ ഉണ്ടാക്കിയിരിക്കുന്നത്. മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ ആദ്യനിലയുടെ പണി ഉടന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
ശിലാസ്ഥാപന കര്‍മത്തിന് ദിലീപിനെ കൂടാതെ പ്രമുഖര്‍ മുക്കത്ത് എത്തും. എം.ഐ ഷാനവാസ് എം.പി, എംഎല്‍എ മാരായ സി.മോയിന്‍ കുട്ടി, കെടി ജലീല്‍ എന്നിവര്‍ ശിലാസ്ഥാപനത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 19നാണ് ദിലീപ് മുക്കത്ത് എത്തി കെട്ടിടത്തിന് സഹായവാഗ്ദാനം ചെയ്തത്.
മൊയ്തീന്റെ മരണത്തിനുശേഷം മൊയ്തീന്റെ പേരില്‍ അശരണര്‍ക്ക് ആശ്രയം നല്‍കുകയും സ്ത്രീകള്‍ക്ക് തൊഴിലധിഷ്ടിത കോഴ്‌സുകള്‍ നടത്തുകയും ചെയ്യുന്ന സ്ഥാപനം നടത്തിവരികയായിരുന്നു കാഞ്ചനമാല. എന്നാല്‍, കെട്ടിടത്തിന്റെ ഇപ്പോഴത്തെ നില ശോചനീയാവസ്ഥയിലാണ്. ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ദിലീപ് സഹായവുമായി രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല