സ്വന്തം ലേഖകന്‍: ദിലീപും കാവ്യാ മാധവനും വിവാഹിതരായി, വിവാഹച്ചടങ്ങുകള്‍ കൊച്ചിയില്‍. ഇന്നു രാവിലെ 9.30 നും 10.30 ഇടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ആയിരുന്നു വിവാഹം. താരങ്ങളായ മമ്മൂട്ടി, ജയറാം, സംവിധായകരായ ജോഷി, സിദ്ദിഖ്, നിര്‍മ്മാതാക്കളായ സുരേഷ് കുമാര്‍, ഭാര്യ മേനക, നിര്‍മ്മാതാവ് രഞ്ജിത്ത്, ഭാര്യ ചിപ്പി, നടി മീരാ ജാസ്മിന്‍, ജോമോള്‍ തുടങ്ങിയവരും ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.
വിവാഹ വാര്‍ത്ത ദിലീപ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. മകള്‍ മീനാക്ഷിയുടെ പിന്തുണയും തനിക്കുണ്ടെന്ന് ദിലീപ് ഫേസ്ബുക്ക് ലൈവിലൂടെ ആരാധകരെ അറിയിച്ചു. ഗോസിപ്പിലൂടെ നിറഞ്ഞു നില്‍ക്കുന്ന തന്റെ കൂട്ടുകാരിയെ തന്നെ വിവാഹം കഴിക്കുകയാണെന്നും ദിലീപ് പറഞ്ഞു.
വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്നും അടുത്ത സുഹൃത്തുക്കളെ വ്യാഴാഴ്ച രാത്രി ഫോണില്‍ വിളിച്ചാണ് ദിലീപ് വിവരം പറഞ്ഞതെന്നും ദിലീപിനോട് അടുപ്പമുള്ള വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു.
1998 ലാണ് നടിയും നര്‍ത്തകിയുമായ മഞ്ജു വാര്യരെ ദിലീപ് വിവാഹം ചെയ്തത്. എന്നാല്‍ 16 വര്‍ഷത്തെ ബന്ധത്തിന് ശേഷം 2014 ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. 2009 ല്‍ നിഷാല്‍ ചന്ദ്രയെ വിവാഹം കഴിച്ച കാവ്യാ മാധവന്‍ 2010 ല്‍ വേര്‍പിരിഞ്ഞു.
1999ല്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ജോസ് ചിത്രത്തിലൂടെയായിരുന്നു ഇരുവരും ആദ്യമായി ജോഡികളായത്. പിന്നീട് ഇരുവരും മലയാള സിനിമയിലെ എക്കാലത്തേയും മികച്ച താരജോഡികളുടെ നിരയിലേക്ക് ഉയര്‍ന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ ഇരുപതില്‍ അധികം ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്നെയുമായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ച സിനിമ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല