1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2018

സ്വന്തം ലേഖകന്‍: ദിലീപിനെ അമ്മ തിരിച്ചെടുത്തതിനെ ന്യായീകരിച്ച് മോഹന്‍ലാന്‍; പ്രതിഷേധവുമായി കൂടുതല്‍ പേര്‍ രംഗത്ത്; അമ്മയില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠമായാണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയാറാണെന്നും അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിശദീകരണം നല്‍കി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടന അമ്മ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജിവെച്ചിരുന്നു.

ആക്രമിക്കപ്പെട്ട നടിയുടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മയാണ്. അവള്‍ക്കൊപ്പമാണ് അമ്മ. നിക്ഷിപ്ത താല്‍പര്യങ്ങള്‍ അമ്മയ്ക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലണ്ടനില്‍ നിന്നാണ് മോഹന്‍ലാല്‍ വിശദീകരണം അറിയിച്ചത്. അതേസമയം, ദിലീപിനെ പുറത്താക്കിയത് മുഖം രക്ഷിക്കല്‍ നടപടി മാത്രമെന്ന് തെളിഞ്ഞുവെന്നും തങ്ങള്‍ നടിക്കൊപ്പമാണെന്നും പറഞ്ഞ് നൂറോളം സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവന പുറത്തുവന്നു. ഞങ്ങളുടെ സുഹൃത്ത് ഇരയല്ലെന്നും സമൂഹത്തിന് മാതൃകയായ ധീരവനിതയെന്നും പ്രസ്താവനയില്‍ പറയുന്നു.

സംഘടനയുടേത് സ്ത്രീവിരുദ്ധ നടപടിയാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സംഘടനയില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഇവര്‍ സംഘടനയില്‍ തുടരുന്നത് സ്ത്രീവിരുദ്ധ നടപടികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു. അലന്‍സിയര്‍, വിനായകന്‍, ആഷിഖ് അബു, അമല്‍ നീരദ് ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ട്.

ഇതിനിടെ, ‘അമ്മ’യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നുവെന്നും എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്നും ഡബ്ല്യുസിസി ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പാനലിനെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍വതിയെ അനുവദിച്ചില്ല. നോമിനേഷന്‍ നല്‍കുന്ന സമയത്ത് വിദേശത്തായിരിക്കുമെന്ന കാരണം പറഞ്ഞ് അവരെ തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം.

ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും അതിനായി അമ്മയുടെ യോഗം വീണ്ടും വിളിക്കണമെന്നും ആവശ്യപ്പെട്ട് പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മ ഭാരവാഹികള്‍ക്കു കത്തു നല്‍കിയിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.