മായാമോഹിനിയെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് നടന് ദിലീപ്. മായാമോഹിനിയെ അവതരിപ്പിച്ചപ്പോഴാണ് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശരിക്കും മനസ്സിലാക്കിയത്. അതുകൊണ്ടു തന്നെ ചിത്രം ചെയ്തതിന് ശേഷം സ്ത്രീകളോടുള്ള ബഹുമാനം കൂടിയെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞു.
അഭിനയ ജീവിതത്തില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ ദിലീപ് തനിക്കെതിരെ ഉയര്‍ന്ന ചില ആരോപണങ്ങളോടും പ്രതികരിച്ചു. യുവതാരചിത്രങ്ങള്‍ ദിലീപിന്റെ ആളുകള്‍ കൂവിത്തോല്പ്പിക്കുന്നുവെന്നൊരു ആരോപണം മുന്‍പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ചിത്രവും പരാജയപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ദിലീപ് പറഞ്ഞു.
ഇത്തരത്തില്‍ മറ്റുതാരങ്ങളുടെ ചിത്രങ്ങള്‍ പരാജയപ്പെടുത്താന്‍ ആളുകളെ വിടുന്നതിന് പകരം തന്റെ സിനിമയ്ക്ക് അവരെ കയറ്റി കയ്യടിപ്പിച്ചാല് പോരെ എന്ന് ദിലീപ് ചോദിച്ചു. മറ്റൊരു താരവുമായും തന്നെ താരതമ്യപ്പെടുത്താറില്ല. ഒരു സിനിമ കഴിയുമ്പോള്‍ അടുത്ത ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ആ കഥാപാത്രത്തെ എങ്ങനെ നന്നാക്കാമെന്നു മാത്രമാണ് ആലോചിക്കാറുള്ളത്.
ഒരു നല്ല സിനിമയെ കൂവിത്തോല്‍പ്പിക്കാനാവില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. തന്റെ മെഗാഹിറ്റുകളായ മീശമാധവന്, ഈ പറക്കും തളിക, കുഞ്ഞിക്കൂനന്, കല്യാണരാമന് തുടങ്ങിയ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിയപ്പോള്‍ കൂവലിന്റെ പെരുന്നാളായിരുന്നു. എന്നിട്ടും ഈ ചിത്രങ്ങള്‍ വിജയിച്ചു. നല്ല സിനിമകളെ കൂവിത്തോല്പ്പിക്കാനാവില്ലെന്നതിന്റെ തെളിവാണിതെന്നും ദിലീപ്. മിസ്റ്റര്‍ മരുമകനും നാടോടിമന്നനുമാണ് ഇനി താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല