സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റുസഫിന് പുതുശ്വാസം, ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കി സ്പീക്കറുടെ ഉത്തരവ്. റുസഫിനെതിരേയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ റദ്ദാക്കിക്കൊണ്ട് അധോസഭയുടെ ഇടക്കാല സ്പീക്കര്‍ വാല്‍ദിര്‍ മരാന്‍ഹോയാണ് ഉത്തരവു പുറപ്പെടുവിച്ചത്. എന്നാല്‍ ഇതോടെ ബ്രസീലിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
അധോസഭ വന്‍ഭൂരിപക്ഷത്തോടെ പാസാക്കിയ ഇംപീച്ച്‌മെന്റ് ശുപാര്‍ശയിന്മേല്‍ സെനറ്റില്‍ ഇന്ന് വോട്ടിംഗ് നടക്കാനിരിക്കേയാണു പുതിയ സംഭവവികാസം. അധോസഭയിലെ വോട്ടിംഗില്‍ നടപടിക്രമങ്ങള്‍ ശരിയായി പാലിച്ചില്ലെന്ന് മരാന്‍ഹോ പറഞ്ഞു. അധോസഭയില്‍ വീണ്ടും വോട്ടെടുപ്പു വേണമെന്നും നേരത്തെ അയച്ച ശുപാര്‍ശ സെനറ്റ് തിരിച്ചയയ്ക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.
ദില്‍മയുടെ എതിരാളിയായ എഡുറാഡോ കുന്‍ഹ സ്പീക്കര്‍ ആയിരുന്നപ്പോഴായിരുന്നു ഇംപീച്ച്‌മെന്റ് ശുപാര്‍ശ പാസാക്കിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി കുന്‍ഹയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് മരാന്‍ഹോ താത്കാലിക സ്പീക്കറായി അധികാരമേറ്റത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല