സ്വന്തം ലേഖകന്‍: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് ആറു മാസത്തേക്ക് പുറത്താക്കി, ഇംപീച്ച്‌മെന്റ് ചെയ്യാന്‍ അനുമതി. കുറ്റവിചാരണാ നടപടികള്‍ക്കു തുടക്കം കുറിച്ച് വൈസ് പ്രസിഡന്റ് മൈക്കല്‍ ടെമറിന് പ്രസിഡന്റിന്റെ ഇടക്കാല ചുമതല നല്‍കി. 13 വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനു വിരാമം കുറിച്ചാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലില്‍ ദില്‍മ പുറത്താകുന്നത്.
ബജറ്റ് അക്കൗണ്ടിങ് നിയമങ്ങള്‍ ലംഘിച്ച് പണം ചെലവിട്ടെന്ന ആരോപണമാണ് ലെഫ്റ്റിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവും ബ്രസീലിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റുമായ ദില്‍മക്ക് വിനയായത്. അധികാര അട്ടിമറിയാണു നടക്കുന്നതെന്നും കുറ്റവിചാരണയെ സധൈര്യം നേരിടുമെന്നും അധികാരമൊഴിഞ്ഞുകൊണ്ട് ദില്‍മ പ്രഖ്യാപിച്ചു.
കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ നേരത്തേ അംഗീകരിച്ചിരുന്നു. അധോസഭയുടെ ശുപാര്‍ശ റദ്ദാക്കിയ നടപടി സെനറ്റ് സ്പീക്കര്‍ പിന്‍വലിക്കുകയും സുപ്രീം കോടതിവിധി ദില്‍മയ്ക്ക് എതിരാകുകയും ചെയ്തതോടെയാണ് പ്രമേയം ഉപരിസഭയായ സെനറ്റിന്റെ ചര്‍ച്ചയ്ക്കു വന്നത്. 22 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ 22 നെതിരെ 55 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
റിയോ ഒളിമ്പിക്‌സ് പടിവാതിലില്‍ എത്തിനില്‍ക്കെ രാഷ്ട്രീയവ്യാപാര മേഖലയെയാകെ ഉലച്ച അഴിമതി ആരോപണങ്ങളില്‍ നിന്ന് സമ്പദ്‌വ്യവസ്ഥ നേരേയാക്കുകയാകും പി.എം.ഡി.ബി. പാര്‍ട്ടി നേതാവായ ടെമറിന്റെ ആദ്യ വെല്ലുവിളി. ദീര്‍ഘനാള്‍ നീണ്ട ചേരിപ്പോര് ദില്‍മ അനുകൂലികളും എതിരാളികളും എന്നിങ്ങനെ രാജ്യത്തെ രണ്ടു പക്ഷമാക്കി മാറ്റിയിരുന്നു. വര്‍ക്കേഴ്‌സ് പാര്‍ട്ടി നടപ്പാക്കിയ സാമൂഹിക പരിവര്‍ത്തന പദ്ധതികള്‍ കോടിക്കണക്കിനു പേരെ ദാരിദ്ര്യത്തില്‍നിന്നു കൈപിടിച്ചുകയറ്റി എന്ന് എതിരാളികള്‍ പോലും അംഗീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല