
സ്വന്തം ലേഖകൻ: രാജ്യത്ത് കള്ളപ്പണം തടയുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് കൈമാറ്റം കണ്ടെത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ വലിയ പണമിടപാടുകള്‍ക്ക് നിയന്ത്രണം വരുന്നു. കാര്‍ വില്‍പ്പന ഉള്‍പ്പെടെയുള്ള പ്രത്യേക മേഖലകളില്‍ 1500 കുവൈത്ത് ദിനാറില്‍ കൂടുതലുള്ള പണമിടപാടുകള്‍ നിരോധിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കുവൈത്ത് ഭരണകൂടം ആലോചിക്കുന്നത്.
രാജ്യത്ത് ഇടപാടുകളില്‍ സാമ്പത്തിക സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും അനധികൃത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണമെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
പണമിടപാടുകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ വാണിജ്യ മന്ത്രാലയവും കുവൈത്ത് സെന്‍ട്രല്‍ ബാങ്കും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് അല്‍ റായ് അറബിക് പത്രം റിപ്പോര്‍ട്ട് ചെയ്തു. പണം ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളില്‍ പരമാവധി 1500 ദിനാറിന്‍റെ ഇടപാടുകള്‍ മാത്രമേ പാടുള്ളൂ എന്ന വ്യവസ്ഥ കൊണ്ടുവരാനാണ് അധികൃതരുടെ നീക്കം.
കാര്‍ ഡീലര്‍ഷിപ്പുകളും കമ്പനികളും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളും ഉള്‍പ്പെടെ 1500 ദിനാറില്‍ കൂടുതല്‍ തുകയ്ക്കുള്ള പണമിടപാടുകള്‍ നടത്തുമ്പോള്‍ അത് ഇലക്ട്രോണിക് പേയ്മെന്‍റ് രീതികളിലൂടെ, പ്രത്യേകിച്ച് കെ-നെറ്റ് വഴി ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യാനാണ് അധികൃതരുടെ ആലോചന.
ആഗോള സാമ്പത്തിക സുസ്ഥിരതയ്ക്കും സുസ്ഥിര വികസനത്തിനും വലിയ ഭീഷണിയായ കള്ളപ്പണം വെളുപ്പിക്കല്‍ പരിഹരിക്കുന്നതിനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് വാണിജ്യ മന്ത്രി എന്‍ജിനീയര്‍ ഉമര്‍ അല്‍ ഉമര്‍ ഊന്നിപ്പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ സാമ്പത്തിക മേഖലയെ ദുര്‍ബലപ്പെടുത്തുകയും വാണിജ്യ, സാമ്പത്തിക, ബാങ്കിംഗ് മേഖലകള്‍ക്ക് ഭീഷണിയായി മാറുകയും ചെയ്യും.
ഇലക്ട്രോണിക് പേയ്മെന്‍റുകളിലേക്ക് മാറുന്നതിലൂടെ, ഫണ്ടുകളുടെ ഒഴുക്ക് ട്രാക്കുചെയ്യാനും അവയുടെ ഉത്ഭവം പരിശോധിക്കാനും ലക്ഷ്യസ്ഥാനങ്ങള്‍ നിരീക്ഷിക്കാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൂടുതല്‍ സഹായകമാവും. കൂടാതെ, കാര്‍ വ്യവസായത്തിലെ പണമിടപാട് ഓണ്‍ലൈന്‍ വഴിയാക്കുന്നതോടെ നികുതി പിരിവ് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
പുതിയ പണമിടപാട് നിയന്ത്രണങ്ങള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന പഴുതുകള്‍ അടയ്ക്കുന്നതില്‍ നിര്‍ണായകമായ ഒരു ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്. ഇതിലൂടെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ കുവൈത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിക്കുകയും അന്താരാഷ്ട്ര സംഘടനകളുമായുള്ള അതിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല