നിര്‍മാണം സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്, ചെലവ് നൂറ്റമ്പതു മില്യണ്‍ അമേരിക്കന്‍ ഡോളര്‍. അഭ്രപാളിയില്‍ പുത്തന്‍ വിസ്മയത്തിനായി കാത്തിരിക്കൂ…എന്നു പറയാന്‍ വരട്ടെ. ഇതു മിനിസ്ക്രീനിലാണ്. ആഗോള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സീരിയല്‍ അവതരിപ്പിക്കുകയാണ് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ്. സ്ക്രീനിലും മനസുകളിലും അത്ഭുതങ്ങള്‍ വിതറിയ ദിനോസറുകള്‍ തിരിച്ചു വരുന്നു സ്പില്‍ബെര്‍ഗിനൊപ്പം. ജുറാസിക് പാര്‍ക്ക്, ലോസ്റ്റ് വേള്‍ഡ് തുടങ്ങി ദിനോസറുകളെ നായകന്മാരാക്കി അവതരിപ്പിച്ച സിനിമകള്‍ക്കു ശേഷമാണ് അതേ അനുഭവം മിനിസ്ക്രീനിലേക്കു സ്പില്‍ബെര്‍ഗ് പകരുന്നത്.
കാലം 2149. അന്തരീക്ഷ മലിനീകരണം ഈ ലോകത്തിന്‍റെ അവസ്ഥ തന്നെ മാറ്റിക്കളഞ്ഞിരിക്കുന്നു. ഭൂമി മരിക്കുന്നു എന്നു പറയാവുന്ന അവസ്ഥ. മനുഷ്യ കുലം എങ്ങനെ നിലനില്‍ക്കും? അന്നത്തെ എല്ലാം സാങ്കേതിക വിദ്യകളും ഉപയോഗിച്ച് മനുഷ്യന്‍ ഒരു വഴി കണ്ടെത്തി. എണ്‍പത്തഞ്ചു ദശലക്ഷം പിന്നോട്ടു സഞ്ചരിക്കുക. എന്നിട്ട് ആ ഭൂതകാലത്തില്‍ ജീവിക്കുക. അങ്ങനെ ചരിത്രാതീത കാലത്തുള്ള ടെറാ നോവ എന്ന സെറ്റില്‍മെന്‍റില്‍ മനുഷ്യര്‍ എത്തുന്നു. ഇവിടെ അവരെ കാത്തിരിക്കുന്നത് പുത്തന്‍ വെല്ലുവിളികളാണ്.
കമാന്‍ഡര്‍ നാതനീല്‍ ടെയ്ലറിനാണ് സെറ്റില്‍മെന്‍റിന്‍റെ നിയന്ത്രണം. ജിം ഷാനോണ്‍ എന്ന പൊലീസ് ഓഫിസര്‍, ജിമ്മിന്‍റെ ഭാര്യയും ഡോക്റ്ററുമായ എലിസബത്ത് ഷാനോണ്‍, എപ്പോഴും ജിമ്മിനെ എതിര്‍ക്കുന്ന ഡോ. മാല്‍ക്കം വാലസ് എന്നിവരാണു പ്രധാന കഥാപാത്രങ്ങള്‍. സ്റ്റീഫന്‍ ലാങ്ങാണ് കമാന്‍ഡര്‍ ടെയ്ലറിനെ അവതരിപ്പിക്കുന്നത്. ജിമ്മിനെ അവതരിപ്പിക്കുന്നത് ജസ്സണ്‍ ഒ മാര. എലിസബത്താവുന്നത് ഷെല്ലി കോണ്‍.
ഫോക്സ് ടെലിവിഷന്‍ നിര്‍മിക്കുന്ന ടെറാ നോവയുടെ ഒരു എപ്പിസോഡ് രണ്ടു മണിക്കൂറായിരിക്കും. പതിമൂന്ന് എപ്പിസോഡുകളാണ് ആകെ. കെല്ലി മാര്‍സലും ക്രെയ്ഗ് സില്‍വര്‍സ്റ്റീനും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്താറിനായിരുന്നു പ്രിമിയര്‍ ഷോ. ഫോക്സ്, സ്കൈ വണ്‍ തുടങ്ങിയ ചാനലുകളില്‍ ഇന്നു മുതല്‍ സംപ്രേഷണം തുടങ്ങും. അമേരിക്കയിലും ബ്രിട്ടനിലുമാണ് ആദ്യം. തുടര്‍ന്നു മറ്റു രാജ്യങ്ങളിലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല