സ്വന്തം ലേഖകൻ: സംവിധായകൻ സിദ്ദിഖിന്റെ (63) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ബുധനാഴ്ച രാവിലെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. പന്ത്രണ്ടുമണി വരെ അവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ചൊവ്വാഴ്ച രാത്രിയായിരുന്നു സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി.
1960 ഓഗസ്റ്റ് 1 ന് എറണാകുളം പുല്ലേപ്പടി കറപ്പ് നൂപ്പിൽ ഇസ്മയിലിന്റെയും സൈനബയുടെയും എട്ടുമക്കളിൽ ഇളയവനായാണ് സിദ്ദിഖ് ജനിച്ചത്. കലൂർ സ്‌കൂളിലും കളമശ്ശേരി സെയ്ന്റ് പോൾസ് കോളേജിലും മഹാരാജാസിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. പുല്ലേപ്പടിയിൽ സുഹൃത്തുക്കൾക്കൊപ്പം മിമിക്രി അവതരിപ്പിച്ചു തുടങ്ങിയ ശേഷം കൊച്ചിൻ കലാഭവനിലെത്തി.
അവിടെ നിന്ന് കൊച്ചിൻ ഹരിശ്രീയിലേക്ക്. ഇതിനിടെ പുല്ലേപ്പടി ദാറുൽ ഉലൂം സ്‌കൂളിലും ജോലിചെയ്തു. സംവിധായകൻ ഫാസിലിന്റെ ശ്രദ്ധയിൽ എത്തി സംവിധാന സഹായിയായി സിനിമാ ജീവിതത്തിന് തുടക്കം. കലാഭവൻ മുതൽ ഒപ്പമുള്ള ലാലിനൊപ്പം ’പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന സിനിമയ്ക്ക് കഥയും തിരക്കഥയുമെഴുതി. ’നാടോടിക്കാറ്റ്’ എന്ന സിനിമയുടെ കഥയും ഇവരുടേതായിരുന്നു.
1989-ൽ ’റാംജിറാവു സ്പീക്കിങ്’ എന്ന സിനിമയിലൂടെ സിദ്ദിഖും ലാലും സ്വതന്ത്ര സംവിധായകരായി. തുടർന്ന് ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്ത ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളിലൂടെ സിദ്ദിഖ് ലാൽ കൂട്ടുകെട്ട് ചരിത്രം സൃഷ്ടിച്ചു. ഗോഡ്ഫാദർ മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രമായി. 405 ദിവസം ഓടിയ ഈ ചിത്രത്തിന്റെ റെക്കോഡ് ഇന്നും നിലനിൽക്കുന്നു,
1995-ൽ ലാലുമായി വേർപിരിഞ്ഞ ശേഷം ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ് തുടങ്ങി 13 ചിത്രങ്ങൾ സംവിധാനം ചെയ്തു. ഇതിൽ ബോഡിഗാർഡ് ഹിന്ദിയിലും തമിഴിലുമായി റീമേക്ക് ചെയ്തതും സിദ്ദിഖ് തന്നെ. ഹിന്ദി പതിപ്പ് പത്തുദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിലെത്തിയപ്പോൾ ബോളിവുഡിലും ശ്രദ്ധ നേടി. മോഹൻലാൽ നായകനായ ബിഗ് ബ്രദറാണ് അവസാന ചിത്രം. മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു.
ഭാര്യ: സാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൺ. മരുമക്കൾ: നബീൽ, ഷെഫ്‌സിൻ. സഹോദരങ്ങൾ: സലാഹുദ്ദീൻ, അൻവർ, സക്കീർ, സാലി, ഫാത്തിമ, ജാസ്മിൻ, റഹ്മത്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല