സ്വന്തം ലേഖകൻ: വാഹനങ്ങള്‍ വൃത്തിയായും വെടിപ്പായും സൂക്ഷിച്ചില്ലെങ്കില്‍ 500 ദിര്‍ഹം പിഴചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പൊതുപാര്‍ക്കിങ് മേഖലകളില്‍ വൃത്തിയില്ലാത്ത വാഹനം പാര്‍ക്ക് ചെയ്താല്‍ നടപടിസ്വീകരിക്കും. വാഹനം വൃത്തിയാക്കുന്നതിന് ഉടമയ്ക്ക് 15 ദിവസം നല്‍കും. നിശ്ചിതസമയപരിധിക്കുള്ളിലും വൃത്തിയാക്കിയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും.
വേനലവധിയില്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കുന്നതുപോലെത്തന്നെ വാഹനങ്ങളും സുരക്ഷിതമാക്കാന്‍ പ്രത്യേകംശ്രദ്ധിക്കണം. അവധിക്ക് പോകുന്നവര്‍ തങ്ങളുടെ വാഹനങ്ങള്‍ പരിപാലിക്കാന്‍ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഏല്‍പ്പിക്കുന്നത് ഉചിതമായിരിക്കും.
നഗരസൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും വാഹനങ്ങളുടെ വൃത്തിയും പ്രധാനമാണ്. ആഴ്ചയിലൊരിക്കലെങ്കിലും വാഹനം കഴുകണം. അവധിക്കാലയാത്ര പോകുമ്പോള്‍ ഡ്രൈവിങ് അറിയാവുന്ന ഒരുസുഹൃത്തിന് വാഹനം കൈമാറണം. ഏറ്റവുംകുറഞ്ഞത് ആഴ്ചയില്‍ ഒരുതവണയെങ്കിലും 10 മിനിറ്റ് എന്ജിന് പ്രവര്‍ത്തിപ്പിക്കണം.
തണലുള്ള സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യണം. അല്ലാത്തപക്ഷം ഗുണനിലവാരമുള്ള കവര്‍ ഉപയോഗിച്ച് വാഹനം മൂടണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ട വൃത്തിഹീനമായ വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹം വരെ പിഴചുമത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല