ലണ്ടന്‍: ബധിരരുടെ ജീവിതത്തില്‍ എന്ത് സംഗീതം എന്നൊരു ചൊല്ലുണ്ടല്ലോ? ഈ ചൊല്ലിനെ തകര്‍ത്തെറിയുകയാണ് ബ്രിട്ടന്‍. ചെവികേള്‍ക്കാത്തവരും മനസില്‍ സംഗീതം സൂക്ഷിക്കുന്നുണ്ടെന്ന് ഓര്‍മ്മിപ്പിക്കാനായി ബധിരര്‍ക്കായി ഒരു ഡിസ്‌കോ നൈറ്റ് കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടന്നു വരുന്നുണ്ട്. ഇത്തവണ ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത് ബ്രിട്ടനാണ്. ബ്രിട്ടനില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കപ്പെടുന്നതെന്ന് ഇതിന്റെ സംഘാടകര്‍ അവകാശപ്പെട്ടു.
ബ്രിട്ടീഷ് കൗണ്‍സിലിന്റെ യൂത്ത് ഇന്‍ ആക്ഷന്‍ പ്രോഗാമിന്റെ പിന്തുണയോടെ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടിക്ക് സെന്‍സിറ്റി ലണ്ടന്‍ 2011 എന്നാണ് പേരിട്ടിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ സ്പര്‍ശനം കൊണ്ട് സംഗീതത്തെ ആസ്വാദകരിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മള്‍ട്ടി- സെന്‍സറി സംവിധാനങ്ങളാണ് ഈ നൈറ്റില്‍ ഒരുക്കിയിരിക്കുന്നത്.
വിറയ്ക്കുന്ന തറകളും ജോക്കികള്‍ നല്‍കുന്ന ആംഗ്യവിക്ഷേപങ്ങളും സംഗീതത്തെ അതിന്റെ പൂര്‍ണ ആസ്വാദനക്ഷമതയില്‍ തന്നെ ബധിരരിലേക്കെത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സംഗീതത്തിന്റെ തരംഗങ്ങള്‍ക്കനുസരിച്ചായിരിക്കും തറയില്‍ വിറയല്‍ അനുഭവപ്പെടുക. ഇത് സംഗീതത്തെ കേള്‍ക്കാതെ തന്നെ ആസ്വാദകരിലെത്തിക്കും. കൂടാതെ സംഗീതത്തിലെ വരികള്‍ ബധിരര്‍ക്ക് മനസിലാകുന്ന ആംഗ്യവിക്ഷേപത്തിലൂടെ അവതരിപ്പിക്കുന്നതും അവരെ സഹായിക്കും. ഇത് കൂടാതെ സുഗന്ധദ്രവ്യങ്ങള്‍ പരത്തി സംഗീതത്തെ ഗന്ധത്തിലൂടെ കേള്‍വിക്കാരില്‍ എത്തിക്കാനും ശ്രമിക്കുമെന്ന് സംഘാടകരിലൊരാളായ നിന്‍കെ വാന്‍ ഡെര്‍ പീറ്റ് അറിയിച്ചു.
ഡിസ്‌കോ നൈറ്റിനൊപ്പം സര്‍ക്കസും അവതരിപ്പിക്കുന്നുണ്ട്. ഒക്‌ടോബര്‍ എട്ടിന് നടക്കുന്ന ഡിസ്‌കോ നൈറ്റില്‍ ഏകദേശം 1500 പേര്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2003 മുതല്‍ ലോകത്തിന്റെ വിവിധയിടങ്ങില്‍ ബധിരര്‍ക്കായി ഇത്തരം ഡിസ്‌കോ നൈറ്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, സ്‌പെയിന്‍, മെക്‌സിക്കോ, ജമൈക്ക, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിരുന്നു ബധിരര്‍ക്കുള്ള ഡിസ്‌കോ നൈറ്റ് സംഘടിപ്പിച്ചത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല