സ്വന്തം ലേഖകൻ: ഒളിമ്പിക്‌സിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിക്കു പിന്നാലെ ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ‘ഗുഡ് ബൈ റസ്ലിങ്’ എന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടുകൊണ്ടാണ് ഗുസ്തിയില്‍നിന്നുള്ള തന്റെ വിരമിക്കല്‍ വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചത്. ഒളിമ്പിക്സ് ഗുസ്തിയിൽ 50 കി.ഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ചെങ്കിലും ഭാരപരിശോധനയിൽ പരാജയപ്പെട്ടതോടെ അവർ അയോഗ്യയാക്കപ്പെട്ടിരുന്നു.
‘എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി ജയിച്ചു, ഞാന്‍ പരാജയപ്പെട്ടു.. ക്ഷമിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളും എന്റെ ധൈര്യവും നശിച്ചു. ഇനിയെനിക്ക് ശക്തിയില്ല. ഗുഡ് ബൈ റസ്ലിങ് 2001-2024. എല്ലാവരോടും ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ക്ഷമിക്കൂ’, തന്‍റെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് അവർ എക്സിൽ കുറിച്ചു.
സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് അവർ ഏറ്റുമുട്ടേണ്ടിയിരുന്നത്.
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗം പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് വിനേഷ് ഒളിമ്പിക്‌സിലെ പോരാട്ടത്തിനു തുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്‌സാന ലിവാച്ചിനെ കീഴടക്കി. സെമി ഫൈനലില്‍ ക്യൂബയുടെ യുസ്നൈലിസ് ഗുസ്മാന്‍ ലോപ്പസിനെ കീഴടക്കിയാണ് ഫൈനല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത് (5-0).
അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരേ വിനേഷ് ഫോഗട്ട് കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകിയിയിരുന്നു. വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമാണ് ഫോഗട്ട് അപ്പീലില്‍ ഉന്നയിച്ചത്. ഇത് സംബന്ധിച്ച് വ്യാഴാഴ്ച രാവിലെ ഇടക്കാല ഉത്തരവ് പ്രതീക്ഷിക്കുന്നതിനിടെയാണ് അവർ വിരമിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല