1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2024

സ്വന്തം ലേഖകൻ: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി വെള്ളിമെഡൽ ഉറപ്പാക്കി, സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത വിനേഷ് ഫോഗട്ട് അയോഗ്യയായി. അനുവദനീയമായതിനേക്കാൾ ഭാരം കൂടിയെന്നതിന്റെ പേരിലാണ് 50 കിലോ വിഭാഗത്തില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്ന വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയിരിക്കുന്നത്‌.

മൂന്നാം ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍, അനുവദനീയമായതിനേക്കാൾ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു. ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.

പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് പാരീസില്‍ വിനേഷ് പോരാട്ടത്തിനുതുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്‌സാന ലിവാച്ചിനെയാണ് കീഴടക്കിയത്. സെമിഫൈനലില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനെയും കീഴടക്കി.

സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാല്‍ പാരീസ് ഒളിമ്പിക്സില്‍ അവര്‍ക്ക് 50 കിലോഗ്രാമിലാണ് യോഗ്യത ലഭിച്ചത്. വിനേഷ് ഫോഗട്ട് ഫൈനലില്‍ കടന്നതോടെ വനിതാ ഗുസ്തിയില്‍ സ്വര്‍ണമോ വെള്ളിയോ ഇന്ത്യ ഉറപ്പിച്ചിരുന്നു. മെഡല്‍ നേടിയാല്‍ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെള്ളിയോ സ്വര്‍ണമോ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാകുമായിരുന്നു ഫോഗട്ട്.

ഗുസ്തി ഫെഡറേഷനിലെ അനീതികള്‍ക്കെതിരേ നിരന്തരം പോരാട്ടം നടത്തിയ ഫോഗട്ടിന് സ്വര്‍ണമെഡല്‍ തന്നെ നേടാനാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍, ഫൈനലിന് തൊട്ടുമുന്‍പ് നടന്ന ഭാരപരിശോധനയില്‍ 50 കിലോയും 100 ഗ്രാമും ഭാരമുണ്ടെന്ന് കണ്ടെത്തിയതോടെ അമിതഭാരത്തിന്റെ പേരില്‍ അയോഗ്യത എത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.