മൃതദേഹം ദഹിപ്പിക്കുന്നതിനുപകരം വെള്ളത്തില്‍ അലിയിച്ചു കളയുന്നതിനുള്ള ‘ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ്’ യൂണിറ്റ് അമേരിക്കയിലെ ഫ്ലോറിഡയില്‍ ലോകത്താദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. അന്തരീക്ഷമലിനീകരണം തീരെ കുറയ്ക്കുന്ന ഈ സംവിധാനം പരിസ്ഥിതി സൗഹൃദ ശവസംസ്‌കാര മാര്‍ഗമായി ലോകമെങ്ങും പ്രചാരം നേടുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.
ചൂടും മര്‍ദവും ഏറെയുള്ള ക്ഷാരജലത്തില്‍ മൃതദേഹം അലിയിച്ചു കളയുന്നതാണ് ‘ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ്’ . പൊട്ടാസ്യം ഹൈഡ്രോക്‌സൈഡ് ലയിപ്പിച്ച ജലമാണ് ഇതിനുപയോഗിക്കുന്നത്. 180 ഡിഗ്രി ചൂടില്‍ അന്തരീക്ഷ മര്‍ദത്തിന്റെ പത്തിരട്ടി മര്‍ദത്തിലാണിത് സൂക്ഷിക്കുക. രണ്ടര മൂന്നുമണിക്കൂറു നേരം മൃതദേഹം ഇതില്‍ മുക്കിവെക്കുകയേ വേണ്ടൂ. ശരീര കലകള്‍ പൂര്‍ണമായി വിഘടിച്ച് എല്ലുമാത്രം ബാക്കിയാകും. എല്ലു പുറത്തെടുത്ത് പൊടിച്ച് ചാരമാക്കും. പുറത്തുവരുന്ന വെള്ളം ഡി.എന്‍.എ. യുടെ അംശം പോലുമില്ലാതെ തികച്ചും ശുദ്ധമായിരിക്കും.
മൃതദേഹം കത്തിക്കുമ്പോള്‍ ഉണ്ടാവുന്നതിന്റെ മൂന്നിലൊന്ന് ഹരിതഗൃഹ വാതകങ്ങള്‍ മാത്രമേ ജല സമാധിയിയില്‍ പുറത്തുവരൂ. ഇതിനുവേണ്ട ഊര്‍ജം ശവദാഹത്തിനു വേണ്ടതിന്റെ ഏഴിലൊന്നു മാത്രം. ശരീരത്തിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള കൃത്രിമ വസ്തുക്കള്‍ ടാങ്കില്‍ അടിയും. പല്ല് അടയ്ക്കാനുപയോഗിക്കുന്ന മെര്‍ക്കുറി ലോഹ സങ്കരം പൂര്‍ണമായി വേര്‍തിരിച്ചെടുക്കാനും ഇതിലൂടെ കഴിയും. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ പല്ലിനുള്ളിലെ ലോഹസങ്കരം കത്തുകയും വിഷവാതകങ്ങള്‍ അന്തരീക്ഷത്തില്‍ പരക്കാന്‍ ഇടയാവുകയും ചെയ്യും.
ബ്രിട്ടനിലെ ഗ്ലാസ്‌ഗോവിലുള്ള റെസമേഷന്‍ ലിമിറ്റഡാണ് ‘ആല്‍ക്കലൈന്‍ ഹൈഡ്രോളിസിസ്’ യൂണിറ്റിന്റെ നിര്‍മാതാക്കള്‍. ഫ്ലോറിഡയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ആന്‍ഡേഴ്‌സണ്‍ മക് ക്വീന്‍ ശ്മശാനത്തിലാണ് ആദ്യമായിതു സ്ഥാപിച്ചത്. എതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതു പ്രവര്‍ത്തനം തുടങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല