സ്വന്തം ലേഖകൻ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് റൂറല്‍ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. റൂറല്‍ എസ്.പി. എംഎല്‍ സുനില്‍കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ പിഴവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്.
സാംദീപിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ എപ്പോള്‍ കസ്റ്റഡിയില്‍ ലഭിക്കും എന്നത് സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് ശ്രമം.
സംഭവവുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസിനെതിരേ കോടതിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അക്രമം നടത്തിയ സാംദീപിനെ പരിശോധിക്കുന്ന സമയത്ത് ഒബ്‌സര്‍വേഷന്‍ മുറിയില്‍ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു അക്രമസംഭവം ഉണ്ടാകില്ലായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇത് പോലീസിനുണ്ടായ പിഴവാണെന്നും വിലയിരുത്തപ്പെടുന്നു.
എഫ്‌ഐആറില്‍ വലിയ പിഴവ് സംഭവിച്ചതായി നേരത്തെതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ സാംദീപ് കത്രിക കൈക്കലാക്കി ഡോ. വന്ദനയെ അക്രമിക്കുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. എന്നാല്‍, പോലീസടക്കമുള്ളവരെ ആക്രമിച്ചതിനുശേഷമാണ് പ്രതി വന്ദനയെ ആക്രമിച്ചതെന്നായിരുന്നു ദൃക്സാക്ഷികള്‍ വ്യക്തമാക്കിയിരുന്നത്.
ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തെത്തുടര്‍ന്ന് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. എമര്‍ജന്‍സി ഡ്യൂട്ടിയില്‍ പി ജി ഡോക്ടര്‍മാര്‍ കയറും. എന്നാല്‍ ഒപി ബഹിഷ്കരണം തുടരും. മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒരു മാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വകുപ്പ് മേധാവികള്‍ വിദ്യാര്‍ത്ഥികളുടെ അവധി ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പി ജി വിദ്യാര്‍ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചര്‍ച്ചയിലാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല