സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ ശനിയാഴ്ച കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട 22 പേരും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടൊപ്പം സമൂഹബലിയില്‍ പങ്കെടുത്തു. ഇന്നലെ പ്രാദേശിക സമയം രാവിലെ 9.30-ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു സമൂഹബലി. കര്‍ദിനാള്‍മാരാണ് ആദ്യം എത്തിയത്. അതിനുശേഷം മാര്‍പാപ്പ എത്തി. മദ്ബഹയുടെ ഇടത്തും വലത്തും കര്‍ദിനാള്‍മാര്‍ ഇരുന്നു. അയ്യായിരത്തോളം വിശ്വാസികളും സമൂഹബലിയില്‍ പങ്കെടുത്തു.
സഭ എല്ലാ വിശ്വാസികള്‍ക്കുംവേണ്ടി തുറന്നിട്ട ജനാലയാണെന്ന് പരിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. പത്രോസ് ശ്ളീഹായെപ്പോലെ വിശ്വാസത്തില്‍ ആഴപ്പെടണമെന്നും ഏബ്രഹാമിന്റെ വിശ്വാസം പോലെ ഉറച്ചതായിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. യേശുക്രിസ്തുവിന്റെ പ്രകാശം ലോകം മുഴുവന്‍ നല്‍കാനാണ് കര്‍ദിനാള്‍മാര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ കുര്‍ബാന സ്വീകരിക്കുകവഴി യേശുവിന്റെ സ്നേഹത്തിലേക്ക് നയിക്കപ്പെടുകയാണ്. വിശ്വാസത്തോടെ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുന്നവര്ക്കേ സന്തോഷം ഉള്‍ക്കൊള്ളാനാകൂ. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കായി ത്യജിക്കുമ്പോഴും സന്തോഷം ഉള്‍ക്കൊള്ളാനാകുമെന്നു മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
ഹിന്ദി ഉള്‍പ്പെടെയുള്ള വിവിധ ലോക ഭാഷകളില്‍ വിശുദ്ധ കുര്‍ബാനയിലെ കാറോസൂസ പ്രാര്‍ഥന ചൊല്ലി. കാഴ്ചവയ്പു ശുശ്രൂഷയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി ഏലിയാമ്മ ജേക്കബും ബന്ധുവായ കൊച്ചുവീട്ടില്‍ അപ്പച്ചനും ഭാര്യ വത്സമ്മയും പങ്കെടുത്തു. പ്രാദേശിക സമയം 12ന് സമൂഹബലി അവസാനിച്ചു. തുടര്‍ന്നു മാര്‍പാപ്പ ത്രികാലജപം ചൊല്ലി. സമൂഹബലിക്കുശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിനു മലയാളി വിശ്വാസികള്‍ക്ക് ആശിര്‍വാദം നല്കി. തുടര്‍ന്ന് വിവിധ അനുമോദനയോഗങ്ങളിലും പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല