സ്വന്തം ലേഖകൻ: മറ്റു രാജ്യങ്ങളിൽ നിന്ന് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിൽ കൊണ്ടുവരാനുള്ള എച്ച്1ബി വീസയ്ക്കായി സമ്മർദ്ദമുയർത്തുന്ന ഇലോൺ മസ്കിനു പിന്തുണയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയതാണ് പുതിയ വാർത്ത. ഒരു യുഎസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണു ട്രംപ് തന്റെ നയം വ്യക്തമാക്കിയത്.
എച്ച്1ബി വീസയ്ക്ക് താൻ എപ്പോഴും അനുകൂലമാണെന്നും തന്റെ സംരംഭങ്ങളിലെ ജീവനക്കാരിൽ പലരും ഈ വീസ നേടിയെത്തിയതാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ തന്റെ ആദ്യഭരണകാലത്ത് ട്രംപ് ഈ പദ്ധതിക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ട്രംപിന്റെ നിലപാടിലെ ഉദാരതയിൽ മസ്കിന് നല്ല പങ്കുണ്ട്, സമൂഹമാധ്യമങ്ങളിൽ എച്ച്1ബി വീസയെ എതിർക്കുന്ന തീവ്ര നിലപാടുകാരായ റിപ്പബ്ലിക്കൻ പാർട്ടിക്കാരോട് മസ്ക് വാഗ്വാദത്തിലേർപ്പെട്ടിരുന്നു.
താനുൾപ്പെടെ അനേകം പേർ യുഎസിലെത്തിയതും ഇവിടെ വിജയം നേടിയതും ഇക്കാണുന്നതൊക്കെ ഉണ്ടാക്കിയതും എച്ച്1ബി വീസ കാരണമാണെന്ന് മസ്ക് സമൂഹമാധ്യമത്തിൽ കുറിച്ചു. യുഎസിൽ എൻജിനീയറിങ് തൊഴിലാളികളുടെ കുറവുണ്ടെന്നും ഇതു പരിഹരിക്കാനായി എച്ച് 1ബിയാണു മികച്ച മാർഗമെന്നും മസ്ക് പലതവണയായി പറയുന്നുണ്ട്.
ഇതേ വീസയിലാണു മസ്ക് പണ്ട് ദക്ഷിണാഫ്രിക്കയിൽ നിന്ന് യുഎസിലെത്തിയത്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. ഏതായാലും മസ്കും മറ്റു ടെക് താരങ്ങളുമെല്ലാം പാറപോലെ അണിനിരക്കുന്നതോടെ യുഎസിലേക്കുള്ള എച്ച്1ബി വീസയ്ക്ക് പ്രത്യേക കേടുപാടുകളൊന്നും രണ്ടാം ട്രംപ് കാലത്തു ബാധിക്കില്ലെന്നു ലോകത്തിനു കരുതാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല