1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2011

ജീവിതകാലം മുഴുവന്‍ ഒന്നിച്ചു ജീവിക്കുവാനാണ് രണ്ടുപേര്‍ വിവാഹം കഴിക്കുന്നത്‌ എന്നാല്‍ മിക്കപ്പോഴും പങ്കാളികള്‍ ഇരുവരും രണ്ടു വ്യത്യസ്ത സാഹചര്യങ്ങളില്‍ വളര്ന്നവരും വ്യത്യസ്തത ഒരുപാടു ഉള്ളവരുമൊക്കെ ആയതിനാല്‍ ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം തന്നെയാണ് എന്നുകരുതി കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്ന പോലെ ചെറിയൊരു പ്രശനം ഉണ്ടാകുമ്പോള്‍ തന്നെ വിവാഹമോചാനത്തെ കുറിച്ച് എന്തിനാണ് ബ്രിട്ടീഷുകാര്‍ ചിന്തിക്കുന്നത് എന്നതാണ് ആര്‍ക്കും മനസിലാക്കാന്‍ ആവാത്തത്. ഈയൊരു ആശങ്കാജനകമായ പ്രവണത മൂലം ബ്രിട്ടനില്‍ വിവാഹ മോചിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ തെളിയിക്കുന്നു.

ഓഫീസ്‌ ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ വര്ഷം ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹമോചനം നേടിയവരുടെ എണ്ണം 119589 ആണ്, അതായത് മുന്‍ വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ 4.9 ശതമാനം അധികം! 2009 ല്‍ ഈ കണക്ക് 113949 ആയിരുന്നു. 2003 നു ശേഷം ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ വിവാഹമോചനം ആണ് 2010 ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്നാണു ഈ കണക്കുകള്‍ തെളിയിക്കുന്നത്. വ്വിവാഹിതരായ ആയിരം ദമ്പതികളില്‍ 11.1 പേരും കഴിഞ്ഞ വര്ഷം പിരിഞ്ഞപ്പോള്‍ മുന്‍വര്‍ഷം ഇത് 10.5 പേരായിരുന്നു. പ്രധാനമായും ഇതിനു കാരണമായി കണക്കാക്കുന്നത് സാമ്പത്തിക പ്രശ്നങ്ങള്‍ തന്നെയായാണ്. 2008 ലെ മാന്ദ്യത്തില്‍ തുടങ്ങിയ സാമ്പത്തിക പ്രശങ്ങള്‍ പലരുടെയും ദാമ്പത്യ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് 25 വയസിനു മുകളിലുള്ള പുരുഷന്മാരാണ് വിവാഹമോചനം നേടിയവരില്‍ ബഹുഭൂരിപക്ഷവും അതേസമയം സ്ത്രീകളുടെ കാര്യത്തില്‍ എല്ലാ പ്രായതിലുള്ളവരും വിവാഹമോചനത്തില്‍ മുന്നില്‍ തന്നെയാണ്. എങ്കിലും കൂട്ടത്തില്‍ ഇരുപതിന് മുകളില്‍ പ്രായമുള്ളവരാണ് വിവാഹമോചനം നേടിയവരില്‍ അധികവും. ആയിരം വിവാഹിതരായ സ്ത്രീകളില്‍ വിവാഹ മോചിതരായ 25.9 പേര്‍ 25 നും 29 നും ഇടയില്‍ പ്രായമുള്ളവരാണ്. താരതമ്യം ചെയ്യുകയാണെങ്കില്‍ പുരുഷന്മാരില്‍ മുപ്പതിന് മുകളില്‍ പ്രായമുള്ളവരില്‍ ആയിരം പേരില്‍ 22.5 പേര്‍ കഴിഞ്ഞ വര്ഷം പങ്കാളിയുമായി പിരിയുകയുണ്ടായി.

അതേസമയം വിവാഹമോചനം നേടുന്ന ആളുകളുടെ ശരാശരി പ്രായം വര്‍ദ്ധിച്ചതായും ഓഎന്‍എസ് ന്റെ കണക്ക് തെളിയിക്കുന്നു. കഴിഞ്ഞ വര്ഷം വിവാഹമോചിതര്‍ ആയവരുടെ ശരാശരി പ്രായം 44.2 വയസാകുമ്പോള്‍ മുന്‍വര്‍ഷം ഇത് 44 വയസായിരുന്നു. പുനര്‍ വിവാഹം ചെയ്ത അഞ്ചു ശതമാനത്തോളം ദമ്പതികളും കഴിഞ്ഞ വര്ഷം വിവാഹമോചനം നേടിയവരില്‍ ഉള്‍പ്പെടുന്നു. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ ആളുകള്‍ക്ക് പ്രണയം നഷ്ടപ്പെട്ടതല്ല വിവാഹമോചനത്തിന് കാരണമെന്ന് കാണാവുന്നതാണ്, കാരണം ഒരിക്കല്‍ വിവാഹം മോചനം നേടിയവരില്‍ പലരും വീണ്ടും വിവാഹം കഴിക്കുന്നതും ബ്രിട്ടനില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ സാമ്പത്തികവും സാമൂഹികവുമായ പ്രശങ്ങള്‍ ബ്രിട്ടീഷുകാരെ പങ്കാളിക്കൊപ്പം ഒന്നിച്ചു വിവാഹം കഴിച്ചു ജീവിക്കുന്നതില്‍ നിന്നും വിലക്കുന്നു എന്ന് തന്നെ പറയണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.