സ്വന്തം ലേഖകന്‍: കിടക്ക പങ്കിട്ടാല്‍ അവസരം നല്‍കാമെന്ന് ദേശീയ പുരസ്‌കാര ജേതാവായ മലയാളി സംവിധായകന്‍, ആരോപണവുമായി ബോളിവുഡ് നടി ദിവ്യാ ഉണ്ണി. സിനിമയില്‍ അവസരം തരാമെന്നുപറഞ്ഞ് കൊച്ചിയിലെ അപ്പാര്‍മെന്റില്‍ വിളിച്ചുവരുത്തി കബളിപ്പിച്ചതായും വിശ്വസിച്ച് വന്നപ്പോള്‍ കിടക്ക പങ്കിട്ടാല്‍ മാത്രം അവസരം തരാം എന്ന് സംവിധായകന്‍ പറഞ്ഞുവെന്നും ദിവ്യ ആരോപിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോടാണ് ദിവ്യ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
‘സംവിധായകര്‍ നടിമാരോട് ഇങ്ങനെ പറയാറുള്ളതായി കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം നേരത്തേ ഉണ്ടായിട്ടില്ല. മാത്രമല്ല, അറിയപ്പെടുന്ന സംവിധായകനായിരുന്നതിനാല്‍ വിളിച്ചപ്പോള്‍ ഒരു സംശയവും തോന്നിയില്ല. മറ്റൊരാളുടെ ശുപാര്‍ശയില്‍ നല്ല പ്രതീക്ഷയോടെയാണ് ഞാന്‍ ചെന്നത്. രാത്രി ഒന്‍പത് മണി ആയി സമയം എങ്കിലും ഒരു പ്രശ്‌നവും എനിക്ക് തോന്നിയില്ല. എന്നാല്‍ സിനിമയേപ്പറ്റി സംസാരിച്ചുകഴിഞ്ഞ് ലവലേശം നാണമില്ലാതെ അയാള്‍ കൂടെക്കിടക്കാന്‍ ക്ഷണിച്ചു,’ ദിവ്യ പറഞ്ഞു.
സമ്മതമല്ല എന്ന് അറിയിച്ചപ്പോള്‍ അയാള്‍ തനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെ കൂടെയോ നിര്‍മാതാവിന്റെ കൂടെയോ കിടപ്പറ പങ്കിടാത്ത ഒരു നടിയും വിജയിച്ചിട്ടില്ല എന്നാണയാള്‍ പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംവിധായകന്‍ ആരെന്ന് ദിവ്യ വെളിപ്പെടുത്തിയില്ല. മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി പതിപ്പാണ് ദിവ്യ അഭിനയിച്ച പ്രധാന ബോളിവുഡ് ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല