യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ ഡോർസെറ്റ് കേരള കമ്യൂണിറ്റിയുടെ (ഡി കെ സി) പത്താം വാർഷിക ആഘോഷങ്ങൾ ദശപുഷ്പോത്സവം – 2022 ന് പൂളിലെ സെൻ്റ് എഡ്വേർഡ് സ്കൂൾ ഹാളിലെ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിശിഷ്ട വ്യക്തികളുടെയും കലാകാരൻമാരുടെയും പ്രൗഢ ഗംഭീരമായ സാന്നിധ്യത്തിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
ഡി കെ സി പ്രസിഡൻ്റും യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടർ സദാനന്ദൻ ശ്രീകുമാർ, പ്രമുഖ കലാകാരൻ കലാഭവൻ ദിലീപ്, യുക്മ പ്രസിഡൻ്റും നാട്ടുകാരനുമായ മനോജ് കുമാർ പിള്ള, യുക്മ വൈസ് പ്രസിഡൻറുമാരായ അഡ്വ.എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ സ്ഥാപക പ്രസിഡൻ്റ് വർഗീസ് ജോൺ, ബേസിംങ്ങ്സ്റ്റോക്ക് കൗൺസിലറും മുൻ യുക്മ നാഷണൽ ജനറൽ സെക്രട്ടറിയും പി.ആർ.ഒയുമായ സജീഷ് ടോം, യുക്മ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അനു അരുൺ അവതാരകയുടെ റോൾ ഭംഗിയായി നിർവ്വഹിച്ചു.
ഉദ്ലാടന സമ്മേളനത്തിൽ ഡികെസി സെക്രട്ടറി അഭിലാഷ് പി.എ സ്വാഗതമാശംസിച്ചു. ട്രഷറർ സജി പൗലോസ് നന്ദി പ്രകാശിപ്പിച്ചു. കാണികളെ ആനന്ദനൃത്തമാടിച്ചു കൊണ്ട് കണ്ണിനും കാതിനും ഇമ്പമാർന്ന വൈവിധ്യമാർന്ന ഉജ്ജ്വല കലാ പ്രകടനങ്ങളാണ് യുകെയുടെ നാനാഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന കലാകാരൻമാരുടെ നേതൃത്വത്തിൽ അരങ്ങേറിയത്. സംഘാടക സമിതിയുടെ നേതൃത്വത്തിൽ വിശിഷ്ട വ്യക്തികളേയും അസാേസിയേഷൻ്റെ മുൻ ഭാരവാഹികളെയും പ്രവർത്തകരെയും വേദിയിൽ വച്ച് ആദരിച്ചു. ഡി കെ സി യുടെ കലാകാരൻമാരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച നാടകത്തോടെയാണ് ദശപുഷ്പോത്സവത്തിന് തിരശ്ശീല വീണത്.അഭിനേതാക്കളുടെ മികച്ച പ്രകടനവും, രംഗസജ്ജീകരണവും എല്ലാം കൊണ്ടും നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
നാട്ടിൽ നിന്നും എത്തിച്ചേർന്ന കലാഭവൻ ദിലീപിൻ്റെ അവിസ്മരണീയമായ പ്രകടനം കാണികളുടെ മനസ്സിൽ എന്നുമെന്നും മായാതെ നിലനില്ക്കും. യുകെയിൽ സ്ഥിരതാമസത്തിനായി എത്തിച്ചേർന്ന ദിലീപ് യുകെ മലയാളികളുടെ ഹൃദയത്തിലേക്കും ആഘോഷരാവുകളിലേക്കും കുടിയേറിക്കഴിഞ്ഞു.
പ്രശസ്ത നർത്തകി മഞ്ജു സുനിൽ, ജിഷ്ണു രാജേഷ് തൊടുപുഴയുടെ ഓട്ടംതുള്ളൽ, ഡോർസെറ്റ് ബീറ്റ്സിൻ്റെ ഗാനമേള, യുകെയിലെ ഗായകരിലെ ഭാവി വാഗ്ദാനങ്ങളായ ദൃഷ്ടി പ്രവീൺ, മൈഥിലി കൃഷ്ണകുമാർ, നിവേദ്യ സുനിൽ കുമാർ, സൈറ മരിയ ജിജോ, പാർവ്വതി മധു പിള്ള, പാർവ്വതി ജയകൃഷ്ണൻ എന്നിവരുടെ ഗാനങ്ങളും, അഖില അജിത്ത്, ജോഷ്ന പ്രശാന്ത്, ഇവാനാ ജെറിൻ എന്നിവരുടെ സോളോ സാൻസ്, ടീനാ റെയ്നോൾസ് & ഷാരോൺ സാബു, അലീനാ ജിനോ & ആൻഡ്രിയ ജീനോ, സുജാതാ മേനോൻ & സാൻവി ധരൺ എന്നിവരുടെ ഡ്യൂവറ്റ് ഡാൻസ്, ജോഷിക പിള്ള, ക്രിസ്റ്റീനാ ജെയിംസ് എന്നിവർ നേതൃത്വം കൊടുത്ത ഗ്രൂപ്പ് ഡാൻസ്, ജെയ്സ് ജെറിയുടെ ഗിറ്റാർ പെർഫോർമൻസ് എന്നിവരുൾപ്പെടുന്ന കലാകാരൻമാർ വൈവിധ്യമാർന്ന കലാ പരിപാടികൾ അവതരിപ്പിച്ച് കാണികളുടെ കൈയ്യടി നേടുകയുണ്ടായി.
കോവിഡിന് ശേഷം യുകെയിലെ അസോസിയേഷൻ പരിപാടികൾ സാധാരണ നിലയിലേക്ക് എത്തിച്ചേർന്നതിന് ശേഷം നടന്ന ഏറ്റവും വലിയ പരിപാടിയാണ് കഴിഞ്ഞ ദിവസം ഡോർസെറ്റിലെ പൂളിൽ ഡി കെ സി യുടെ പത്താമത് വാർഷിക ആഘോഷമായ ദശപുഷ്പോത്സവം – 2022 ലൂടെ സാക്ഷ്യം വഹിച്ചത്. ഒരു അസോസിയേഷൻ്റെ പ്രവർത്തനങ്ങൾ, ആഘോഷങ്ങൾ എങ്ങനെ മാതൃകാപരമായി സംഘടിപ്പിക്കാമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഡി കെ സി യു കെ പൊതു സമൂഹത്തിന് കാണിച്ചു കൊടുത്തത്. ദശപുഷ്പോത്സവത്തിന് നേതൃത്വം കൊടുത്ത മുഴുവൻ ഭാരവാഹികൾക്കും പ്രവർത്തകർക്കും അഭിമാനിക്കുന്ന പരിപാടി സംഘടിപ്പിച്ചതിന് അഭിനന്ദനങ്ങൾ നേരുന്നു.
ഉണ്ണികൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഒരുക്കിയ എൽ ഇ ഡി സ്ക്രീനും ലൈറ്റും സൗണ്ടും പരിപാടികളുടെ മാറ്റ് കൂട്ടി. രാജേഷ് നടേപ്പള്ളിയുടെ നേതൃത്വത്തിൽ ബെറ്റർ ഫ്രെയിംസ് ടീം ഫോട്ടോയും വീഡിയോയും പകർത്തി. ഹാളിൽ കേരളീയ വിഭവങ്ങൾ അടങ്ങിയ ഫുഡ്സ്റ്റാളിലൂടെ രുചികരമായ ഭക്ഷണങ്ങൾ ലഭ്യമായിരുന്നു. പരിപാടികൾ സ്പോൺസർ ചെയ്തത് അലൈഡ് ഫിനാൻസ്, കേരള കാർട്ട്, ബെറ്റർ ഫ്രെയിംസ്, ഷിബു ഫിഷ് & മീറ്റ്, ഗ്രേസ് മെലഡീസ്, ഗാലക്സി കമ്പ്യൂട്ടേഴ്സ് & മൊബൈൽസ്, സാറാസ്, മദേഴ്സ്, പൊൻകതിർ തുടങ്ങിയ സ്ഥാപനങ്ങളായിരുന്നു.
പരിപാടികൾക്ക് അസോസിയേഷൻ പ്രസിഡൻറ് ഷാജി തോമസ്, യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സോണി കുര്യൻ, വൈസ് പ്രസിഡൻറ് ബിൻസി ജേക്കബ്, കമ്മിറ്റിയംഗങ്ങളായ പ്രേംജിത്ത് തോമസ്, ബിബിൻ വേണുനാഥ്, എൽദോസ് ഏലിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി നടത്തിയ മൂന്നാെരുക്കങ്ങളുടെ ഫലമാണ് പരിപാടികൾ ഇത്രയും അടുക്കും ചിട്ടയുമായി വമ്പിച്ച വിജയത്തിലെത്തിക്കുവാൻ ഡി കെ സി ക്ക് കഴിഞ്ഞത്. പരിപാടികളുമായി സഹകരിച്ച എല്ലാവർക്കും ഡി കെ സി നേതൃത്വം ഹൃദയം നന്ദി അറിയിച്ചു.
ബെറ്റർ ഫ്രെയിംസിലെ രാജേഷ് നടേപ്പള്ളി പകർത്തിയ ദശപുഷ്പോത്സവം – 2022 ൻ്റെ ചിത്രങ്ങൾ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല