ഡിഎന്‍എ സ്ക്രീനിംഗ് നടത്തിയ ആദ്യത്തെ കുട്ടി ജര്‍മനിയില്‍ ആരോഗ്യത്തോടെ ജനിച്ചു. ഭ്രൂണാവസ്ഥയില്‍ തന്നെ ജനിതക രോഗങ്ങളെന്തെങ്കിലുമുണ്ടോ എന്നു പരിശോധിക്കുന്നതിനാണ് ഡിഎന്‍എ സ്ക്രീനിംഗ് എന്നു പറയുന്നത്. പിഐഡി (പ്രീ ഇംപ്ളാന്റേഷന്‍ ഡയഗ്നോസിസ്) സ്ക്രീനിംഗ് സാങ്കേതിക വിദ്യയാണ് ഇതിനുപയോഗിക്കുന്നത്. ഇതിന്റെ ധാര്‍മികത വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഏതായാലും ആരോഗ്യവതിയായ ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ ഈ വിവാദങ്ങള്‍ക്കു മീതേ ചിരിക്കുന്നത്.
ഷെല്‍സ്വിഗ് ഹോള്‍സ്റൈന്‍ സംസ്ഥാനത്തിലെ ല്യൂബെക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലായിരുന്നു ജനനം. ഡെസ്ബുകോയിസ് സിന്‍ഡ്രോം എന്ന രോഗവാസ്ഥയ്ക്കു കാരണമായ ജീനുകള്‍ ഈ കുട്ടിയുടെ മാതാപിതാക്കളിലുണ്ട്. ഇന്നാല്‍ ഇവര്‍ക്കുണ്ടാകുന്ന കുട്ടിക്ക് ഇതുണ്ടാകില്ലെന്ന് ഉറപ്പു വരുത്താനാണ് സ്ക്രീനിംഗ് നടത്തുന്നത്.
അസ്ഥിപഞ്ജരത്തിനു പ്രശ്നങ്ങളുണ്ടാക്കുന്ന അവസ്ഥയാണിത്. കുട്ടിക്ക് ഈ പ്രശ്നമുണ്ടെങ്കില്‍ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെയോ ജനിച്ചയുടനെയോ മരിക്കാനുള്ള സാധ്യത വളരെയേറെയണ്. ദമ്പതികള്‍ക്ക് ഇതിനു മുമ്പുണ്ടായ മൂന്നു കുട്ടികളും ജീവനില്ലാതെയാണ് പിറന്നു വീണത്. അതുകൊണ്ടു തന്നെയാണ് ഇത്തരമൊരു പരീക്ഷണത്തിന് ല്യൂബെക്ക് യൂണിവേഴ്സിറ്റി തലവന്‍ ക്ളൌസ് ഡീറ്റ്ഡ്രിഷും സംഘവും മുതിര്‍ന്നത്.
പ്രീ ഇംപ്ളാന്റേഷന്‍ ഡയഗ്നോസിസ് സംവിധാനം നേരത്തെതന്നെ ജര്‍മനിയില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും പോയവര്‍ഷം ജൂലൈ മുതല്‍ ഇതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പിഐഡി കൂടുതല്‍ വ്യവസ്ഥാവത്കരിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുമ്പോള്‍ കത്തോലിക്കാസഭയുടെ ചട്ടക്കൂടുകള്‍ ഈ സമ്പ്രദായത്തെ എതിര്‍ക്കുകയും ചെയ്യുന്നത് ഒരു വിരോധാഭാസമാണെന്നാണ്് ഗവേഷകരുടെ പക്ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല