1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

പതിനായിരക്കണക്കിന് കമ്പ്യൂട്ടറുകള്‍ തിങ്കളാഴ്ച നിശ്ചലമാകും. വൈറസുകള്‍ കാരണം ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. അല്‍യൂറോണ്‍/ ഡിഎന്‍എസ് ചേഞ്ചര്‍ ബോട്ട് എന്ന വൈറസാണ് കമ്പ്യൂട്ടറുകളെ ബാധിക്കാന്‍ പോകുന്നത്. ജൂലൈ 9 തിങ്കളാഴ്ച രാവിലെ 12 മണി മുതല്‍ ഈ വൈറസുകള്‍ ബാധിച്ച കമ്പ്യൂട്ടറുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കില്ല. കഴിഞ്ഞവര്‍ഷമാണ് ഈ വൈറസുകള്‍ കമ്പ്യൂട്ടറുകളിലെത്തിയത്. എന്നാല്‍ എഫ്ബിഐ ഇതിനെതിരെ റിംഗ് ഫെന്‍സ് സുരക്ഷ നടപ്പിലാക്കിയതിനാല്‍ വൈറസുകള്‍ കമ്പ്യൂട്ടറുകളെ ബാധിച്ചിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച ഈ സുരക്ഷയുടെ കാലാവധി അവസാനിക്കുകയാണ്. അതിനാല്‍ കമ്പ്യൂട്ടറുകളിലുളള വൈറസുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങുന്നതാണ് പ്രശ്‌നത്തിന് കാരണം. ആന്റി വൈറസുകള്‍ ഈ വൈറസിനെ ചെറുക്കാന്‍ പ്രാപ്തമല്ല. മാക് കമ്പ്യൂട്ടറുകളും ഈ ഡിഎന്‍എസ് ചേഞ്ചര്‍ വെറസിന്റെ പിടിയിലാകും. എന്നാല്‍ ഇത് പരിഹരിക്കാന്‍ മാര്‍ഗ്ഗമുണ്ട്.

അതിനായി ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡിഎന്‍എസ് ചേഞ്ചര്‍ വൈറസ് കയറിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. അതിനായി www.dns-ok.us എന്ന സൈറ്റ് സന്ദര്‍ശിക്കണം. സൈറ്റില്‍ ഒരു ചുവന്ന ബാക്ക്ഗ്രൗണ്ടാണ് കാണുന്നതെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറിലും വൈറസ് ബാധിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം. പച്ച ബാക്ക്ഗ്രൗണ്ടാണ് കാണുന്നതെങ്കില്‍ വൈറസ് ബാധിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. കമ്പ്യൂട്ടറുകളില്‍ വൈറസ് ബാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് www.dcwg.org എന്ന സൈറ്റിലേക്ക് പോകാം. എഫ്ബിഐയുടെ ഡിഎന്‍സ് ചേഞ്ചര്‍ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ സൈറ്റാണിത്. ഇവിടെ നിങ്ങളെ സഹായിക്കാനായി എഫ്ബിഐയുടെ പരിശീലനം നേടിയ ഒരു സംഘമുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറുകള്‍ ഓണ്‍ലൈനായി പരിശോധിക്കാനുളള ലിങ്കുകള്‍ ഈ സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അതെല്ലൈങ്കില്‍ സൈറ്റില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിങ്ങള്‍ക്ക് തന്നെ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാവുന്നതാണ്. കമ്പ്യൂട്ടറില്‍ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി കഴിഞ്ഞാല്‍ ‘മാനുവലി ചെക്കിംഗ് ഈഫ് യുവര്‍ ഡിഎന്‍എസ് സെര്‍വര്‍ ഹാസ്ബീന്‍ ചേഞ്ച്ഡ’ എന്ന ഓപ്ഷനിലേക്ക് സ്‌ക്രോള്‍ ചെയ്യുക. അവിടെ യുവര്‍ സിസ്റ്റം എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തശേഷം ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പടിപടിയായി പാലിക്കുക. വൈറസ് ബാധിച്ചിട്ടുണ്ടങ്കില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സര്‍വ്വീസ് ദാതാക്കള്‍ക്കും നിങ്ങളെ സഹായിക്കാനാകും. www.dcwg.org/detect എന്ന പേജില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ അടുത്തേക്ക് പോകാനുളള ലിങ്കുകളും നല്‍കിയിട്ടുണ്ട്. വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പായാല്‍ www.decwg/fix എന്ന പേജില്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പടിപടിയായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കപ്പെടും.

കഴിഞ്ഞവര്‍ഷമാണ് ഇത്തരം വൈറസുകള്‍ വ്യാപകമായി എത്തിതുടങ്ങിയത്. വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളില്‍ നമ്മള്‍ ഒരു വെബ്ബ് അഡ്രസ്സ് നല്‍കുകയാണങ്കില്‍ അത് വേറെ വെബ്ബ്‌സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്തുവിടുകയാണ് വൈറസുകള്‍ ചെയ്യുന്നത്. ഈ സൈറ്റുകള്‍ നമ്മുടെ കമ്പ്യൂട്ടറുകളിലെ പേഴ്‌സണല്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കും. ഇത്തരം ആക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് എഫ്ബിഐ മുന്‍കൈഎടുത്ത് സേഫ്റ്റി- നെറ്റ് എന്ന പേരില്‍ ഒരു സുരക്ഷാസൗകര്യം ഒരുക്കുകയായിരുന്നു. ഇത് വൈറസ് ബാധിച്ച കമ്പ്യൂട്ടറുകളില്‍ നിന്നും സുരക്ഷിതമല്ലാത്ത സൈറ്റുകളിലേക്ക് പോകുന്നതിനെ തടയുകയാണ് ചെയ്യുന്നത്. ജൂലൈ 9 വെളുപ്പിനെ പന്ത്രണ്ടുമണിയോടെ ഈ സെര്‍വറിന്റെ കാലാവധി കഴിയും. അതോടെ
വീണ്ടും വൈറസുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും.

വൈറസുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്ന വിവരം ഫേസ്ബുക്കും ഗൂഗിളും വഴി ലോകത്താകമാനം പ്രചരിച്ചുകഴിഞ്ഞു. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നോട്ടീസിറക്കുകയും ചെയ്തു. ഇതിനായി എഫ്ബിഐ ഒരു പ്രത്യേക വെബ്ബ്‌സൈറ്റു തന്നെ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ലോകത്താകമാനം 227,000 കമ്പ്യൂട്ടറുകളില്‍ ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം 360,000 കമ്പ്യൂട്ടറുകള്‍ വൈറസ് ബാധിച്ച് പണിമുടക്കി. ഇതില്‍ 64,000 എണ്ണം അമേരിക്കയിലാണന്നാണ് എഫ്ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിച്ചാലും വൈറസ് കമ്പ്യൂട്ടറിനുളളില്‍ തന്നെ കാണുമെന്നും ഭാവിയില്‍ ഇത് വീണ്ടും പ്രശ്‌നം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും എഫ്ബിഐയുടെ സൂപ്പര്‍വൈസറി സ്‌പെഷ്യല്‍ ഏജന്റ് ടോം ഗ്രാസ്സോ പറഞ്ഞു. വ്യക്തികളുടെ കമ്പ്യൂട്ടറുകളെ കൂടാതെ ഏകദേശം 50 ഫോര്‍ച്യൂണ്‍ കമ്പ്യൂട്ടറുകളേയും 500 കമ്പനികളുടെ കമ്പ്യൂട്ടറുകളുടേയും വൈറസ് ബാധിച്ചുട്ടുണ്ടന്നും ഗ്രാസ്സോ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.