സ്വന്തം ലേഖകന്‍: രോഗിക്ക് കൊടുത്ത മരുന്നില്‍ വിഷമില്ലെന്ന് ബോധ്യപ്പെടുത്താന്‍ മരുന്ന് സ്വയം കഴിച്ച ഡോക്ടര്‍ മരിച്ചു. വിഷം കലര്‍ന്ന മരുന്ന് രോഗിക്കു നല്‍കിയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാനായി മരുന്ന് സ്വയം കുടിച്ച് കാണിച്ചതിനെ തുടര്‍ന്ന് ഓര്‍മ നഷ്‌പ്പെടുകയും പൂര്‍ണ്ണമായി തളര്‍ച്ച ബാധിക്കുകയും ചെയ്ത ആയുര്‍വേദ ഡോക്ടര്‍ പി.എ ബൈജുവാണ് മരിച്ചത്. പായിപ്രമാനാറി പണ്ടിരിപുത്തന്‍പുര എം.അയ്യപ്പന്റെയും ലീലയുടെയും മകനാണ് ബൈജു. 2007 ജനുവരി 25നാണ് ബൈജുവിന്റെ ജീവിതം തകര്‍ത്ത സംഭവം ഉണ്ടായത്.
ബൈസണ്‍ വാലി ആയുര്‍വേദ ക്ലിനിക്കില്‍ എത്തിയ രോഗിക്കു കുറിച്ചു കൊടുത്ത മരുന്നില്‍ വിഷം കലര്‍ന്നിരുന്നുവെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം ബാധിച്ച് ക്ലിനിക്കിലെത്തിയ രോഗിയുടെയും ബന്ധുക്കളുടെയും മുന്നില്‍ മരുന്ന് ബൈജു കുടിച്ചു കാണിച്ചു. മരുന്നില്‍ അസ്വാഭിവമായി ഒന്നുമില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മരുന്നു കുടിച്ച ബൈജു ഉടനെ തളര്‍ന്നു വീണു. പിന്നീട് ഇയാള്‍ സംസാരിച്ചിട്ടില്ല.
പല ചികിത്സകളും നടത്തിയെങ്കിലും ബൈജുവിന്റെ അവസ്ഥയില്‍ മാറ്റമുണ്ടായില്ല. അലോപ്പതിയില്‍ ഇനി മരുന്ന് ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് ബൈജുവിന്റെ രോഗവസ്ഥയ്ക്കു കാരണമായതെന്ന് പിന്നിട് തെളിഞ്ഞു. മരുന്നുമായി എത്തിയ രോഗിയുടെ ഭര്‍ത്താവിനെ മാസങ്ങള്‍ക്കു ശേഷം പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തുടരന്വേഷണം ഇടയ്ക്ക് നിലക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല