1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2012

ആത്മഹത്യക്ക് ശ്രമിച്ചയാളെ ആത്മീയതയിലേക്ക് തിരിയാന്‍ ഉപദേശിച്ച ഡോക്ടര്‍ക്ക് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ ശാസന. റിച്ചാര്‍ഡ് സ്‌കോട്ട് (51) എന്ന ക്രിസ്ത്യന്‍ മിഷിനറി ഡോക്ടര്‍ക്കാണ് അച്ചടക്കസമിതിയുടെ വക ശാസന ലഭിച്ചത്. ഇരുപത്തിനാലു വയസ്സുളള യുവാവാണ് പരാതിക്കാരന്‍. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവാവിനെ പരിശോധിക്കാന്‍ എത്തിയ ഡോ. സ്‌കോട്ട് യുവാവിനോട് യേശുവില്‍ വിശ്വസിക്കാത്തവരെ കാത്തിരിക്കുന്നത് നരകമാണന്നു പറഞ്ഞെന്നാണ് പരാതി.
എന്നാല്‍ ഡോ. സ്‌കോട്ടിനെതിരേ നേരിട്ട് മൊഴി നല്‍കാന്‍ യുവാവ് എത്തിയില്ല. അച്ചടക്ക സമിതിക്ക് മുന്‍പാകെ ടെലിഫോണ്‍ വഴിയാണ് യുവാവ് തെളിവുകള്‍ നല്‍കിയത്. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ച ഒരു യുവാവിന് അത്മീയ നിര്‍ദ്ദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഡോ. സ്‌കോട്ട് ഡിസിപ്ലിനറി പാനലിന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ആശുപത്രി വിട്ട് പത്ത് ദിവസത്തിന് ശേഷം യുവാവിന്റെ അമ്മയാണ് ഡോക്ടര്‍ക്കെതിരേ പരാതി നല്‍കിയത്. പരാതി പരിശോധിച്ച ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.
ഒരു ഡോക്ടറുടെ അന്തസ്സിന് നിരക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ച ഡോ. സ്‌കോട്ടിന് കൗണ്‍സില്‍ ഔദ്യോഗികമായി ശാസിക്കുകയാണന്ന് ശിക്ഷാവിധിയില്‍ പറയുന്നു. 2010ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എന്നാല്‍ അന്ന് തെളിവ് നല്‍കാന്‍ പരാതിക്കാരന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കേസ് നീണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ടെലഫോണില്‍ തെളിവ് നല്‍കാന്‍ പരാതിക്കാരന്‍ തയ്യാറായപ്പോഴേക്കും ഡോ. സ്‌കോട്ട് കാന്‍സര്‍ബാധിതനായിരുന്നു. ക്രിസ്ത്യന്‍ ലീഗല്‍ സെന്ററിലെ ആന്‍ഡ്രിയ വില്യംസിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായത്. എന്നാല്‍ ക്രിസ്തുമത്തതിനെതിരേയുളള വിവേചനമാണിതെന്ന് ഡോക്ടര്‍ പ്രതികരിച്ചു. പലപ്പോഴും ക്രിസ്തീയവിശ്വാസികള്‍ക്കെതിരെ മെഡിക്കല്‍ രംഗത്ത് കടുത്ത വിവേചനം നടക്കുന്നുണ്ടെന്നും ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെല്ലോഷിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. പീറ്റര്‍ സാന്‍ഡേഴ്‌സ് പ്രതികരിച്ചു. എന്നാല്‍ ഇതൊരു മതത്തിനെതിരായ നീക്കമല്ലന്നും ഡോക്ടര്‍മാര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കതീതമായി രോഗികളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നും ജിഎംസിയുടെ ചീഫ് എക്‌സിക്യൂട്ടീവ് നിയാല്‍ ഡിക്‌സണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.