നല്ല തൂവെള്ള വസ്ത്രമാണ് ഡോക്റ്റര്‍,നേഴ്സ് തുടങ്ങിയ ആരോഗ്യപാലകര്‍ ധരിക്കുന്നതെന്ന് കരുതി ആരും ഇവരുടെ വസ്ത്രങ്ങളില്‍ അനുബാധയില്ലെന്നു കരുതേണ്ട എന്നാണു ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ തരുന്ന മുന്നറിയിപ്പ്. സാധാരണഗതിയില്‍ നമ്മള്‍ക്ക് തോന്നില്ലെങ്കിലും യഥാര്‍ത്ഥത്തില്‍ ആരോഗ്യ സേവകരുടെ വസ്ത്രത്തില്‍ രോഗങ്ങള്‍ പരത്തുന്ന പല തരത്തിലുള്ള ബാക്ട്ടീരിയകളും ഉണ്ടെന്നാണ് ഇശ്രേലി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
60 ശതമാനത്തില്‍ അധികം ആശുപത്രി ജീവനക്കാരുടെ വസ്ത്രങ്ങളില്‍ രോഗവാഹകരായ അണുക്കള്‍ ഉണ്ടെന്നു കണ്ടെത്തിയ ഗവേഷകര്‍ ഇതില്‍ പലതും മരുന്നുകളെ ചെറുക്കാന്‍ ശക്തിയുള്ളവയാണെന്നും പറഞ്ഞു. ജറുസെലേമിലെ ഷാരെ സെടെക് മെഡിക്കല്‍ സെന്ററിലെ ഡോ: യോനിത് വീനരിന്റെ നേതൃത്വത്തില്‍ 75 നേഴ്സുമാരുടെയും 60 ഡോക്റ്റര്‍മാരുടെയും വസ്ത്രങ്ങളില്‍ നടത്തിയ നിരീക്ഷണമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. ഇതില്‍ തന്നെ 58 ശതമാനം ആളുകള്‍ മാത്രമേ തങ്ങളുടെ യൂണിഫോം ദിവസവും മാറ്റാറുള്ളൂ എന്നും കണ്ടെത്തിയിട്ടുണ്ട്.
യൂണിഫോമിന്റെ മുന്‍ഭാഗത്തും കയ്യുകളിലും പോക്കട്ടിലുമാണ് ഏറ്റവും കൂടുതല്‍ അണുക്കള്‍ ഉള്ളതത്രേ. 40 ശതമാനം നേഴ്സുമാരുടെ ഗൌണില്‍ കണ്ടെത്തിയ ബാക്റ്റീരിയ ആന്റിബയോട്ടിക്കുകളെ ചെറുക്കാന്‍ ശേഷിയുള്ളതാണെന്നും ഗവേഷകര്‍ പറയുന്നു. ഈ ബാക്ട്ടീരിയകള്‍ രോഗികളിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതാണെന്നിരിക്കെ ഈ ഗവേഷണ ഫലത്തെ വലിയ പ്രാധാന്യത്തോടെയാണ് വൈദ്യശാസ്ത്രലോകം കാണുന്നത്. അമേരിക്കന്‍ ജേണലിന്റെ സെപ്റ്റംബര്‍ ലക്കത്തിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല