ജനാധിപത്യ പ്രക്ഷോഭത്തിനിടെ പരിക്കേറ്റ സമരക്കാരെ ചികിത്സിച്ച 20 ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ബഹ്റൈനിലെ കോടതി 15 വര്‍ഷം വരെ തടവുശിക്ഷ വിധിച്ചു. മറ്റൊരു കേസില്‍ ഒരു പോലീസുകാരനെ കൊന്ന പ്രക്ഷോഭകാരിക്ക് വധശിക്ഷ നല്കാന് ഉത്തരവിട്ടു.
മറ്റ് അറബ് രാജ്യങ്ങളിലെ ജനാധിപത്യപ്രക്ഷോഭങ്ങളില്നിന്ന് ആവേശമുള്‍ക്കൊണ്ട് ഫിബ്രവരി, മാര്‍ച്ച് മാസങ്ങളിലാണ് ബഹ്റൈനില്‍ സമാധാനപരമായ സമരങ്ങള്‍ നടന്നത്. തലസ്ഥാനമായ പേള്‍ ചത്വരത്തില്‍ തമ്പടിച്ച സമരക്കാരെ ബലപ്രയോഗത്തിലൂടെ തുരത്തി സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തി. ഇതിനിടയില്‍ പരിക്കേറ്റവരെ ചികിത്സിച്ച മനാമയിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലെ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കുമെതിരെയാണ് സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചത്. വിവിധ കുറ്റങ്ങള്‍ ചുമത്തി അഞ്ചുമുതല്‍ 15വരെ വര്‍ഷം തടവാണ് ഇവര്‍ക്കു വിധിച്ചിരിക്കുന്നത്.
സമരക്കാര്‍ക്കു ചികിത്സ നല്കിയ ഡോക്ടര്‍മാര്‍ പരിക്കേറ്റ സുരക്ഷാഭടന്മാരെ ചികിത്സിക്കാന്‍ വിസമ്മതിച്ചതായി അധികൃതര്‍ പറയുന്നു. അനധികൃതമായി ആയുധങ്ങള്‍ കൈവശംവെച്ചു, ചികിത്സാ ഉപകരണങ്ങള്‍ പിടിച്ചെടുത്തു, വംശീയ വിദ്വേഷം വളര്‍ത്തുമാറ് പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പരിക്കേറ്റവരെ ചികിത്സിക്കുകയെന്ന കടമ നിറവേറ്റിയതിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി ഞെട്ടിക്കുന്നതാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. ശിക്ഷാവിധിയെത്തുടര്‍ന്ന് നിരാഹാരസത്യാഗ്രഹം തുടങ്ങിയ ഡോക്ടര്‍മാരെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണിപ്പോള്‍.
ഷിയാ മേഖലയായ സിത്രയില്‍ പോലീസുകാരനെ കൊന്നതിന് അലി യൂസഫ് അല്‍ തവീല്‍ എന്നയാള്‍ക്കാണ് വധശിക്ഷ വിധിച്ചത്. പോലീസുകാരനെ കൊന്നതിന് വേറെ രണ്ടുപേര്‍ക്ക് നേരത്തേ വധശിക്ഷ വിധിച്ചിരുന്നു. എട്ടു ഷിയാ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 13 പ്രവര്‍ത്തകര്‍ക്ക് 15 വര്‍ഷം വരെ തടവും വിധിച്ച കീഴ്ക്കോടതി വിധി കഴിഞ്ഞ ദിവസം മേല്‍ക്കോടതി ശരിവെക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല