ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ലിംഗ വ്യത്യാസം അനുസരിച്ച് നിയമവിരുദ്ധമായ ഗര്‍ഭച്ഛിദ്രം നടത്തികൊടുക്കുന്ന ഡോക്റ്റര്‍മാര്‍ ഒടുവില്‍ ക്യാമറകണ്ണുകളില്‍ കുടുങ്ങി. ബ്രിട്ടീഷ് ക്ലിനിക്കില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഡോക്റ്റര്‍മാരാണ് ഒളിക്യാമറയില്‍ വീഡിയോവില്‍ പതിഞ്ഞത്. ഇതില്‍ മാഞ്ചസ്റ്ററിലെ ഇന്ത്യന്‍ വംശജയായ ഡോക്റ്ററും ഉള്‍പ്പെടുന്നു. ലിംഗ വിവേചനം അടിസ്ഥാനമാക്കി നിയമ വിരുദ്ധമായ ഗര്‍ഭച്ഛിദ്രത്തെ തടയുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. അതിനിടെ തികച്ചും നിയമത്തിനു എതിരെയായ രീതിയിലായിരുന്നു പലര്‍ക്കും ഇവിടെ ഗര്‍ഭച്ഛിദ്രത്തിനായുള്ള നടപടിക്രമങ്ങള്‍ ഡോക്റ്റര്‍മാര്‍ നടത്തിക്കൊടുത്തിരുന്നതത്രേ!
ഹെല്‍ത്ത് സെക്രെട്ടറി ആന്‍ഡ്രൂ ലാന്‍സ്ലി ഈ ആരോപണങ്ങളെ ഗൌരവമായി കാണുന്നുവെന്നും ലിംഗവിവേചനം അനുസരിച്ചുള്ള ഗര്‍ഭച്ഛിദ്രം തീര്‍ത്തും അപകടകരമായ പ്രവണതയാണെന്നും വ്യക്തമാക്കി. ലിംഗ നിര്‍ണയം അടിസ്ഥാനമാക്കിയുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ ബ്രിട്ടനില്‍ ഇപ്പോള്‍ സാധാരണമാണ്. ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ ഒന്നും തന്നെ അന്വേഷിക്കുകയോ ആലോചിക്കുകയോ ചെയ്യാതെയാണ് മിക്ക ക്ലിനിക്കുകളും ഗര്‍ഭചിദ്രം നടത്തിക്കൊടുക്കുന്നത്. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ സഹായത്താല്‍ ഒരു ബ്രിട്ടീഷ് പത്രത്തിന്റെ പത്രപ്രവര്‍ത്തകര്‍ രഹസ്യമായി ഒന്‍പതു ക്ലിനിക്കുകളെ സമീപിച്ചു. ഇതില്‍ മൂന്നു ക്ലിനിക്കുകള്‍ വിവരങ്ങള്‍ ചോദിക്കാതെ തന്നെ ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് സമ്മതിച്ചു.
സ്വകാര്യക്ലിനിക്കുകളിലും എന്‍.എച്ച്.എസിലും ഒരേ സമയം പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ വംശജയായ ഗൈനക്കോളജിസ്റ്റ് പ്രഭ ശിവരാമന്‍ ഗര്‍ഭിണിയായ സ്ത്രീയോട് ഒരൊറ്റ ചോദ്യം പോലും ചോദിക്കാന്‍ നില്‍ക്കാതെയാണ് ഗര്‍ഭച്ഛിദ്രം നടത്തുന്നതിനു നടപടികള്‍ പൂര്‍ത്തിയാക്കിയത്. കുട്ടിയെ അവസാനിപ്പിക്കുക എന്നതാണ് നിങ്ങളുടെ തീരുമാനം ഞാന്‍ ഇനി ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. ശേഷം അവര്‍ തന്റെ ഒരു സുഹൃത്തിനോട് ചില സാമൂഹികമായ കാരണങ്ങളാലാണ് ഈ നിലപാട് എടുക്കേണ്ടി വന്നത് എന്ന് സൂചിപ്പിക്കുകയുണ്ടായി.
പല്‍മാള്‍ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന പ്രഭ ഈ നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രത്തിനായി ഇരട്ടി ഫീസ് ആണ് ചുമത്തിയത്. സാധാരണ ഗര്‍ഭച്ഛിദ്രത്തിനു 200 മുതല്‍ 300 പോണ്ട് വരെയാണ് ചെലവ് എന്നാല്‍ നിയമവിരുദ്ധ ഗര്‍ഭച്ഛിദ്രതിനു സ്വകാര്യ ഫീസ് മാത്രം 500 പൌണ്ടാണ്. കഴിഞ്ഞ വര്ഷം മാത്രം 189574 ഗര്‍ഭച്ഛിദ്രങ്ങളാണ് നടന്നിട്ടുള്ളത്. അതായത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും എട്ടു ശതമാനം വര്‍ദ്ധനവ്. മെഡിക്കല്‍ കാരണങ്ങളില്ലാതെയുള്ള ഗര്‍ഭച്ഛിദ്രം നിയമ വിരുദ്ധമാണ്. പ്രത്യേകിച്ച് ലിംഗവിവേചനം അടിസ്ഥാനമാക്കിയ ഗര്‍ഭച്ഛിദ്രങ്ങള്‍. എന്തായാലും ഇതിനെതിരെ സര്‍ക്കാര്‍ പ്രതികരിക്കും എന്നാണു അധികൃതര്‍ അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല