സ്വന്തം ലേഖകന്‍: ജയലളിതയെ ചികിത്സിക്കാന്‍ സിംഗപ്പൂരില്‍നിന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍, രോഗശാന്തിക്കായി 24 മണിക്കൂര്‍ മുള്‍ക്കിടക്കയില്‍ ആരാധകന്‍. സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധരാണ് അപ്പോളോ ആശുപത്രിയില്‍ എത്തിയത്. ലണ്ടനില്‍നിന്നുള്ള ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെലെയും എയിംസിലെ മൂന്നു വിദഗ്ധ ഡോക്ടര്‍മാരുമാണ് ജയലളിതയുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വിവിധ അവയവങ്ങളെ ബാധിച്ച അണുബാധ നിയന്ത്രണവിധേയമായി എന്നാണ് സൂചന. ജയലളിതയുടെ രോഗശാന്തിക്കായി പൗര്‍ണമി ദിവസമായ ഞായറാഴ്ച സംസ്ഥാനമെങ്ങും പ്രത്യേക പ്രാര്‍ഥനകളും പൂജകളും നടത്തി. മന്ത്രിമാരും എം.എല്‍.എമാരും തങ്ങളുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ചടങ്ങുകള്‍ സംഘടിപ്പിച്ചു. അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ക്ക് പുറമെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പാല്‍ക്കുടമേന്തി കിലോമീറ്ററുകള്‍ നടന്നാണ് ചടങ്ങുകളില്‍ പങ്കാളികളായത്.
ജയലളിത പൂര്‍ണ ആരോഗ്യവതിയായി തിരിച്ചുവരുമെന്ന് അണ്ണാ ഡി.എം.കെ വക്താവ് സി.ആര്‍. സരസ്വതി അപ്പോളോ ആശുപത്രിക്കു മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും കുടുംബവും ഞായറാഴ്ച ജയലളിതയെ സന്ദര്‍ശിച്ചു. അതേസമയം ആരോഗ്യ നിലയെക്കുറിച്ച് അഭ്യൂഹം പരത്തി എന്നാരോപിച്ച് വ്യാപകമായ അറസ്റ്റ് നടക്കുന്നതില്‍ പ്രതിപക്ഷ എം.എല്‍.എ എം.കെ. സ്റ്റാലിന്‍ പ്രതിഷേധിച്ചു.
ജയലളിതയുടെ ആരോഗ്യം മെച്ചപ്പെടുന്നതിന് പെഞ്ചിയമ്മന്‍ ദൈവത്തെ പ്രീതിപ്പെടുത്തുന്നതിന് മധുരൈ സ്വദേശിയായ ഇരുളാണ്ടി എന്നയാള്‍ 24 മണിക്കൂര്‍ മുള്‍ക്കിടക്കയില്‍ കിടന്നു. തന്റെ ജീവന്‍ എടുത്തിട്ടാണെങ്കിലും അമ്മയുടെ രോഗം മാറ്റണമെന്നായിരുന്നു തന്റെ പ്രാര്‍ത്ഥനയെന്ന് ഇരുളാണ്ടി പറഞ്ഞു.
മധുരൈയിലെ പെഞ്ചിയമ്മന്‍ ക്ഷേത്രത്തിന് മുന്നിലായിരുന്നു ഇയാളുടെ പ്രാര്‍ത്ഥന. അഞ്ച് തരത്തിലുള്ള വ്യത്യസ്തമായ മുള്ളുകള്‍ ഉപയോഗിച്ചാണ് കിടക്ക നിര്‍മ്മിച്ചത്. തുടര്‍ന്ന് ദേഹമാസകലം ഭസ്മം പൂശി. ശേഷം 24 മണിക്കൂര്‍ നേരം മുള്‍ക്കിടക്കയില്‍ കിടന്ന് മുനിയാണ്ടി അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു. ഇരുളാണ്ടിക്ക് പിന്തുണയുമായി നിരവധി എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരും പ്രാര്‍ഥനക്ക് എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല