സ്വന്തം ലേഖകന്‍: ആര്‍ക്കും വായിക്കാനാകാത്ത ഡോക്ടര്‍മാരുടെ മരുന്നെഴുത്ത് എന്നത് നാട്ടിലെ ഒരു പഴയ തമാശയാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ ഈ കുത്തിവരയെച്ചൊല്ലി ഐഎംഎയും ഫാര്‍മസിസ്റ്റുകളും ഇടയുന്നു. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റാത്തത് ഫാര്‍മസിസ്റ്റുകളുടെ കുഴപ്പമാണെന്ന ഐഎംഎയുടെ നിലപാടാണ് കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്.
ഡോക്ടര്‍മാരുടെ കൈയക്ഷരം വായിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ മരുന്നുകള്‍ കൃത്യമായി നല്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് കഴിയുന്നില്ലെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇതിനു ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്കിയ വിശദീകരണമാണ് ഇപ്പോള്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ വായിക്കാന്‍ സാധിക്കാത്തത് ഫാര്‍മസിസ്റ്റുകളുടെ കുഴപ്പമാണെന്നാണ് ഐഎംഎ മനുഷ്യാവകാശ കമ്മീഷന് മറുപടി നല്കിയിരിക്കുന്നത്.
അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവരാണ് പല ഫാര്‍മസികളിലുമുളളതെന്നും സംഘടന കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഐഎംഎയുടെ നിലപാടിനെതിരെ ഫാര്‍മസിസ്റ്റുകളുടെ സംഘടന രംഗത്തെത്തി. സാധാരണക്കാര്‍ക്ക് പോലും മനസിലാകുന്ന രീതിയില്‍ മരുന്നുകള്‍ കുറിച്ച് നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടനയടക്കം നിര്‍ദേശിച്ച കാര്യം ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍ക്കും മനസിലാകാത്ത ഭാഷയില്‍ ഡോക്ടര്‍മാര്‍ കുറിപ്പടികള്‍ നല്‍കുന്നത് എന്തിനാണെന്ന് ഐഎംഎ വിശദീകരിക്കണമെന്നതാണ് ഫാര്‍മസിസ്റ്റുകളുടെ ആവശ്യം. ഫാര്‍മസിസ്റ്റുകളെ അപമാനിക്കാനുള്ള നീക്കം ഡോക്ടര്‍മാര്‍ അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലപാട് മാറ്റാന്‍ ഐഎംഎ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് അസോസിയേഷന്റെ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല