![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-15-171840-640x395.png)
സ്വന്തം ലേഖകൻ: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം ബജറ്റ് വെട്ടിക്കുറച്ചതിനാൽ ഇന്ത്യയും ബംഗ്ലാദേശും ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിന് ഡോളറിൻ്റെ ധനസഹായം അമേരിക്ക റദ്ദാക്കി. ഇന്ത്യയിൽ വോട്ട് ചെയ്യുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 21 മില്യൺ ഡോളറിൻ്റെ പരിപാടിയും ബംഗ്ലാദേശിൻ്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 29 മില്യൺ ഡോളറിൻ്റെ സംരംഭവും വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ് (ഡിഒജിഇ) ഞായറാഴ്ച പ്രഖ്യാപിച്ചു.
അന്താരാഷ്‌ട്ര സഹായങ്ങൾ വെട്ടിക്കുറക്കുന്നതിൻ്റെ ഭാഗമായുള്ള തീരുമാനം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും തിരഞ്ഞെടുപ്പ് പ്രക്രിയകളും രാഷ്ട്രീയ സ്ഥിരതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയ്‌ക്കായി നീക്കിവച്ചിരിക്കുന്ന 21 മില്യൺ ഡോളർ രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പുകളിൽ വോട്ടർ പങ്കാളിത്തം വർധിപ്പിക്കാൻ പ്രത്യേകം ലക്ഷ്യമിട്ടുള്ളതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു ഡിഒജിഇയുടെ പ്രഖ്യാപനം.
ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ-അമേരിക്ക വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായം വെട്ടിക്കുറയ്ക്കാനുള്ള ഡിഒജിഇയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.
ബംഗ്ലാദേശിനുള്ള 29 മില്യൺ ഡോളറിൻ്റെ ധനസഹായവും റദ്ദാക്കിയിട്ടുണ്ട്. രാഷ്ട്രീയ സ്ഥിരത വളർത്തുന്നതിനും ജനാധിപത്യ ഭരണം മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ധനസഹായം. അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ് ബംഗ്ലാദേശ്. ഹമ്മദ് യൂനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിച്ചെങ്കിലും ബംഗ്ലാദേശിന് രാഷ്ട്രീയ സ്ഥിരത ഇതുവരെ കൈവരിക്കാനായിട്ടില്ല.
മോസാംബിക്, കംബോഡിയ, സെർബിയ, മോൾഡോവ, നേപ്പാൾ, ലൈബീരിയ, മാലി, ദക്ഷിണാഫ്രിക്ക, കൊസോവോ റോമ, അഷ്കലി, ഈജിപ്ത് എന്നിവിടങ്ങളിലെ വിവിധ പ്രൊജക്ടുകൾക്കുള്ള ധനസഹായവും ഡിഒജിഇ റദ്ദാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല