സ്വന്തം ലേഖകൻ: അടുത്ത മാസം രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കുന്ന ദോഹ എക്‌സ്‌പോ-2023ന്റെ ഭാഗമായി അധികൃതര്‍ പ്രത്യേക പ്രൊമോ കോഡ് പുറത്തിറക്കി. ഫ്‌ലൈറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യുമ്പോള്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്ക് EXPO23 എന്ന പ്രത്യേക പ്രൊമോ കോഡ് ഉപയോഗിക്കാം. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് എക്‌സ്‌പോ സംഘാടകര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ഖത്തര്‍ എയര്‍വേയ്‌സ് ടിക്കറ്റുകള്‍ക്കും ഹോട്ടല്‍ ബുക്കിങിനും പ്രമോ കോഡ് ഉപയോഗിക്കാം. എക്‌സ്‌പോ 2023 ദോഹയിലേക്കുള്ള പ്രവേശനം എല്ലാ സന്ദര്‍ശകര്‍ക്കും സൗജന്യമാണ്. ലോകകപ്പ് വേളയിലേതു പോലെ ഇവന്റിനായി സന്ദര്‍ശകര്‍ക്ക് ഹയ്യ കാര്‍ഡും ലഭിക്കും.
എക്‌സ്‌പോയുടെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളിയാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും എക്‌സ്‌പോയും ഔദ്യോഗിക പങ്കാളിയാണ്. ഈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ദോഹ നഗരത്തിലേക്കും എക്‌സ്‌പോ നഗരിയിലേക്കും തടസ്സമില്ലാത്ത ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യാത്രാവിവരങ്ങളുടെ വിശദാംശങ്ങള്‍ വിസിറ്റ് ഖത്തര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പൈതൃക സ്ഥലങ്ങള്‍, മ്യൂസിയങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍, ബീച്ചുകള്‍, മണല്‍ക്കൂനകള്‍, തെരുവ് കലകള്‍, ഭക്ഷണസ്ഥലങ്ങള്‍, പാചക വൈവിധ്യങ്ങള്‍, സാഹസികത തേടുന്നവര്‍ക്കുള്ള ഇടങ്ങള്‍, സഫാരി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ദിവസം മുതല്‍ ആറ് ദിവസം വരെയുള്ള യാത്രാവിവരങ്ങളും വെല്‍നസ് ലൊക്കേഷനുകളും ഉള്‍പ്പെടുത്തിയ യാത്രാവിവര പട്ടികയാണിത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച അല്‍ സുബാറ ആര്‍ക്കിയോളജിക്കല്‍ സൈറ്റ്, കത്താറ കള്‍ച്ചറല്‍ വില്ലേജ്, പേള്‍ഖത്തര്‍, അല്‍ ഷീഹാനിയ ഒട്ടക റേസ് ട്രാക്ക്, കിഴക്ക്പടിഞ്ഞാറ്/പടിഞ്ഞാറ്കിഴക്ക് യാത്രകള്‍, ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാസിം അല്‍താനി എന്നിവ സന്ദര്‍ശിക്കാന്‍ വിസിറ്റ് ഖത്തര്‍ അവസരമൊരുക്കുന്നു. മ്യൂസിയം, സൂഖ് വാഖിഫ്, മഷീറബ് മ്യൂസിയം, ഇസ്ലാമിക് ആര്‍ട്ട് മ്യൂസിയം, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, മ്യൂസിയം ഓഫ് ഇല്യൂഷന്‍സ്, കോര്‍ണിഷ്, ഖത്തറിലുടനീളം വിവിധ മാളുകള്‍ എന്നിവയാണ് മറ്റ് ആകര്‍ഷണങ്ങള്‍. താമസ പാക്കേജുകളില്‍ രാജ്യത്തുടനീളമുള്ള ഹോട്ടലുകളും റിസോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബര്‍ രണ്ടിന് മേള തുടങ്ങാനാണ് തീരുമാനമെങ്കിലും സപ്തംബര്‍ പകുതിയോടെ പ്രവേശനം നല്‍കാന്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കിയതായി എക്‌സ്‌പോ ഇന്റര്‍നാഷനല്‍ കോര്‍ഡിനേഷന്‍ വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ സിന്ദി നേരത്തേ അറിയിച്ചിരുന്നു. എക്‌സ്‌പോ വേദിയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിവരിയാണ്.
30 ലക്ഷത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ‘പച്ച മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌പോയില്‍ മരുഭൂവല്‍ക്കരണം കുറയ്ക്കുന്നതിനും ഹരിതഇടങ്ങളും കൃഷിഭൂമിയും വര്‍ധിപ്പിക്കുന്നതിനുമാണ് ഊന്നല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല